"രാമേഷ്ണാ...!"

ഇന്നലെ വൈകുന്നേരം ട്യൂഷനും കഴിഞ്ഞ് ഇറങ്ങിയപ്പോ നടുവിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ലൂസായിരുന്നു. ഒരു മണി മുതല്‍ നാലരവരെ നീണ്ട കുത്തിയിരുത്തം ... ഹൂ!!

ബസ്റ്റാന്റില്‍ ചെന്നു നിന്നു. തിരക്കുള്ള രണ്ടു ബസ് ഒഴിവാക്കി; സീറ്റുള്ള ഒന്നില്‍ കയറി ഇരിപ്പുറപ്പിച്ചു. അതിന്റെ കുഷ്യനില്‍ നന്നായി നടു നിവര്‍ത്തി ഒന്നു നെടുവീര്‍പ്പിട്ടു..

മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ജനലരികിലെ സീറ്റില്‍ സുന്ദരനായ ഒരു യു...വകോമളനായിരുന്നു. സൗജന്യമായി ഞാന്‍ കൊടുത്ത പുഞ്ചിരി തിരിച്ചു ചോദിച്ചേക്കാം എന്നു ഭയന്നിട്ടാവണം അയാളെന്നോട് മുഖം തിരിച്ചു. പിന്നെ കീശയില്‍നിന്നും ഒരു പാക്കെടുത്തു. അതിലെ സാധനം കൈയിലിട്ടൊന്നു തിരുമ്മി വായിലേക്കു വെച്ചു.

അപ്പൊഴേക്കും എന്റെ ഇടതു വശത്തെ സീറ്റിലും ഒരാള്‍ വന്നിരുന്നു. അല്‍പ്പം പ്രായം ചെന്ന ഒരാള്‍. എന്നോടൊന്ന് ചിരിച്ച് ബസ് "കൈതക്കല്‍" നിര്‍ത്തുമെന്ന് ചോദിച്ചുറപ്പുവരുത്തി അയാളൂം ഇരുത്തത്തിന്റെ ആശ്വാസത്തെ ആസ്വദിച്ചു തുടങ്ങി.

ഞാനും എന്തൊക്കെയോ ചിന്തിച്ച് ഇരുന്നു. പുറത്തു നടന്നു പോയ പെണ്ണുങ്ങളുടേ വായ നോക്കി നമ്മുടെ യുവകോമളന്‍ വായ തുറന്നപ്പ്ഴൊക്കെ രൂക്ഷമായ ഒരു ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. എണീക്കാന്‍ പക്ഷേ എനിക്കു തോന്നിയില്ല.

വണ്ടി എടുക്കാന്‍ നേരമാണ് അടുത്തയാള്‍ കയറിയത്. അതും യുവാവു തന്നെ. സീറ്റിനടുത്ത കമ്പിയില്‍ പിടിച്ചുകൊണ്ട് നിന്ന അയാള്‍ ക്കുവേണ്ടി അടുത്തിരുന്ന പ്രായം ചെന്നയാള്‍ എണീറ്റുകൊടുത്തപ്പോള്‍ എന്തോ രോഗിയെങ്ങാനാണെന്നാണെനിക്കു തോന്നിയത്. പേടിപ്പെടുത്തുന്ന കുറേ ചേഷ്ടകള്‍ അയാള്‍ കാണിക്കുന്നുണ്ടായിരുന്നു.സങ്ങതി കള്ളാണെന്ന് വ്ര്ദ്ധന്‍ എനിക്കപായ സൂചന തന്നെങ്കിലും വൈകിപ്പോയിരുന്നു. എന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കി അയാള്‍ വിളീച്ചു.

"രാമേഷ്ണാ...!"

ആ വായില്‍ നിന്നും പുറത്തുവന്ന കാറ്റ് സര്‍ വ നാഡികളേയും തളര്ത്തിക്കൊണ്ട് എന്റെ മൂക്കിലേക്കിരച്ചു കയറി.

ഞാന്‍ കേള്ക്കാത്ത ഭാവം നടിച്ച് ശ്വാസം വലിക്കാതെ വലതു വശത്തെ ഹാന്സുകാരനെ നോക്കി. അയാളൂടെ മുഖത്തും ഒരു പൈശാചികത നിഴലിച്ചിരുന്നു. ചെകുത്താന്റെയും കടലിന്റെയും ഇടയ്ക്കുള്ള തീരത്താണു താനെന്ന് എനിയ്ക്കേതാണ്ട് ബോധ്യമായിരുന്നു.

എണീറ്റ് നില്ക്കാന്‍ ഞാനൊരു ശ്രമം നടത്തിനോക്കിയെങ്കിലും അയാളോട് വഴി ചോദിക്കാന്‍ എനിക്കു ധൈര്യം വന്നില്ല. അടുത്ത സ്റ്റോപ്പിലെങ്ങാന്‍ ഇറങ്ങുന്നയാളാണെങ്കിലോ.. എന്നെ ഞാനവിടെ തളച്ചിട്ടു.

അയാള്‍ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു. ഭാഷയില്‍ അവ്യക്തതയുണ്ടായിരുന്നു എങ്കിലും രാമക്രിഷ്ണനോടായിരുന്നു സംസാരം എന്നു മനസിലായി. പറഞ്ഞ കാര്യങ്ങളില്‍ നിന്നും രാമക്രിഷ്ണന്‍ അദ്ദേഹത്തിനത്ര ഇഷ്ടമില്ലാത്ത ആളാണെന്നും വ്യക്തമായി. വെട്ടുന്നതിനെയും കുത്തുന്നതിനെയും പറ്റിയൊക്കെ പറയുന്നുണ്ടായിരുന്നു. എന്റെ മനസില്‍ ഇടിവെട്ടുന്നുണ്ടായിരുന്നു. എന്നെയാണ് വിളിച്ചത് - രാമേഷ്ണാന്ന് !!

ബസ് അടുത്ത സ്റ്റോപ്പില്‍ നിര്ത്തി. അത് അയാളെ വെറുപ്പിച്ചു. ഡ്രൈവറുടേ അച്ഛനെ രണ്ടാവര്ത്തി വിളീച്ചപ്പോള്‍ അയാള്‍ രാമക്രിഷ്ണനെ മറന്നു. സംസാരം പിന്നെ ഡ്രൈവറോടായി.

ഒട്ടൊന്നടങ്ങിയപ്പോള്‍ ഞാന്‍ രണ്ടും കല്പ്പിച്ച് വഴി ചോദിച്ചു.

വിക്ര്തമായൊരു ചിരി ചിരിച്ച് അയാള്‍ എണീറ്റുകൊള്ളാന്‍ പറഞ്ഞു. ഞാനെണീറ്റു നീങ്ങിയപ്പോള്‍ എന്റെ ബാഗില്‍ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു...

"നല്ലോണം പഠിക്കണം "

തിരിഞ്ഞു നോക്കാന്‍ പോലും എനിക്ക് ധൈര്യം വന്നില്ല.
പുറത്ത് കള്ളു ഷാപ്പിലേക്ക് അപ്പോഴും മനുഷ്യര്‍ നടന്നു പോകുന്നുണ്ടായിരുന്നു.

കണ്ടക്റ്റര്‍ വന്ന് ടിക്കറ്റ് മുറിക്കാന്‍ നേരം അയാളോട് ചോദിച്ചു ;

"ഉള്ള്യേരിക്ക് തന്നല്ലെ 'മാഷേ' ? "

Comments

Popular Posts