Thursday, May 24, 2012

:)

    എന്തൊക്കെയാ അറിയേണ്ടത് ഇക്കമ്പ്യൂട്ടറിന്.! ഒരുപാടൊന്നുമവള്‍ക്കുമറിയില്ലായിരുന്നു അവളെപറ്റി. എന്നിട്ടുമത് വിടാതെ ചോദിച്ചുകൊണ്ടേയിരുന്നു. ഇഷ്ടമുള്ള സംഗീതം, സിനിമ ,പുസ്തകം! രണ്ടു വരിയില്‍ കൂടുതലോര്‍മ്മയുള്ള പാട്ടൊന്നും മന്സിലുണ്ടായിരുന്നുല്ല. പാഠപുസ്തകങ്ങളില്‍കവിഞ്ഞൊന്നും വായിച്ചതായുമോര്‍ത്തില്ല. കേട്ടറിഞ്ഞ പേരുകള്‍ അവളവിടെ കുത്തിക്കയറ്റി.
      താത്പര്യമുണ്ടായിട്ടൊന്നുമായിരുന്നില്ല. ഒരു ഫേസ് ബുക്ക് അക്കൗണ്ടില്ലാതെ ജീവിക്കാനാവില്ലെന്നായിരിക്കുന്നു. പുതിയ പരിഷ്കാരമാണോഫീസിലെ; ജീവനക്കാരുടെ ബന്ധം ഊട്ടിയുറപ്പിക്കണമത്രേ....!‌ ബന്ധങ്ങളുടെ ബന്ധനങ്ങളെ ഭയന്നായിരുന്നു അന്നാട്ടില്‍ ചേക്കേറിയത് തന്നെ. അകലങ്ങളിലിരിക്കുമ്പോള്‍ അവയ്ക്കെന്നും സുഗന്ധമാണ്. അടുക്കുമ്പോള്‍ മാത്രം വമിക്കുന്ന ദുര്‍ഗന്ധം മടുത്തപ്പോഴായിരുന്നു നാടിനെ പിരിഞ്ഞത്.

      ഒടുക്കമൊരു ചോദ്യത്തില്‍ കണ്ണൂടക്കി. "ബയോ!”
എന്തു പറയാനാണ് ...?ഓഫീസിനും വീടിനുമിടയില്‍ ചലിച്ചുകൊണ്ടിരുന്നു ഒരു യന്ത്രമായിരുന്നു അത്.. "യാന്ത്രികതയ്കുമൊരു സുഖമുണ്ടെടോ...” ചിലപ്പോഴെങ്കിലും മിണ്ടിയിരുന്ന വീട്ടിലെ വെലക്കാരിയോട് അവള്‍ പറയാറുണ്ടായിരുന്നു.

      ഓര്‍ത്തുനോക്കി. ഓര്‍ക്കാന്‍ മാത്രമൊന്നും കൂട്ടി വെച്ചിരുന്നില്ല. ആരിലുമോര്‍മയാവാനും ശ്രമിച്ചിരുന്നീല്ല. ഒറ്റപ്പെടലിന്റെ സുഖത്തോടായിരുന്നു ഇഷ്ടം. ഇല്ല. ഉണ്ടായിരുന്നില്ല. കൂട്ടെന്നു പറയാനൊരു പേര്. ആരോടും യാത്ര പറയാതെയായിരുന്നു എന്നും യാത്ര തുടങ്ങിയത്.. ഒരു വിലാസം പോലും ആരോടും കുറിച്ചുവാങ്ങിയിരുന്നുമില്ല. "ആരോടു കൂട്ടുകൂടാനാണിവിടെ..?” അവള്‍ ചിന്തിച്ചു. കൊണ്ടു നടന്നിരുന്ന ഫോണില്‍ കോണ്ടാക്ടുകളൊന്നും സൂക്ഷിച്ചിരുന്നില്ല. ഓഫീസില്‍ നിന്നല്ലാതെ ആരും അതിലെക്കു വിളിച്ചിരുന്നുമില്ല; അച്ഛന്‍ മരിച്ചപ്പോള്‍ പോലും.

      പിടുത്തം വിട്ടാല്‍ പിന്നെ ചിന്തകളിങ്ങനെയാണ്. സ്വയം വഴിയുണ്ടാക്കി സഞ്ചരിച്ചുകൊണ്ടിരിക്കും.! വന്ന വഴി മറന്ന് തുടക്കം മറന്ന് ഒടുക്കമില്ലാതെ അങ്ങനെ ...! പുതിയൊരൂടുവഴിയിലേക്കു ചിന്ത തിരിഞ്ഞപ്പോള്‍ അവള്‍ ഞെട്ടിയെഴുന്നേറ്റു. തിരിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനിലെത്തി അവള്‍ അവളെക്കുറിച്ചെഴുതേണ്ട കോളം ഒഴിച്ചിട്ടു. ലോഗ് ഔട്ടില്‍ ക്ലിക്ക് ചെയ്ത കൈ മേശമേലെ ചായപ്പത്രത്തിലേക്കു നീണ്ടു.

"ത്ഫൂ...!"

      ചുമരിലെ വെള്ള പെയിന്റില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ട് ഒരു ഗ്ലാസ് ചായ നിലത്തേക്കൊലിച്ചിറാങ്ങി. “ചൂടാറിയപ്പോ മാറ്റ്യതാ. പറഞീന്വല്ലോ"
കനി; വീട്ടുജോലിക്കാരി,ഓടിവന്നു നിലം തുടയ്ക്കുന്നതിനിടെ പറഞ്ഞു.
ഇരുണ്ട എതോ മൂലയില്‍നിന്ന് നാവിലേക്ക് ശബ്ദപ്രവേഗത്തിലോടിവന്ന ശകാരങ്ങളെ തടഞ്ഞുനിര്‍ത്തി അവള്‍ ഒന്നു പുഞ്ചിരിച്ചു, അതില്‍ സ്വയം നിറച്ചിരുന്ന ജാള്യതയെ അളന്നുകൊണ്ട് അടുക്കളയിലേക്ക് നടന്നു. ഒരു ഗ്ലാസ് വെള്ളമെടുത്ത് തിരിച്ചു.

      ഞായറാഴ്ചകളോളം വിരസമായ ഒന്നുമില്ല ജീവിതത്തില്‍- ചുമരില്‍ തൂങ്ങിയ ഒരു പെയിന്റിങ്ങില്‍ സ്വപ്നമെന്ന വാക്കിന്റെ അര്‍ത്ഥം അര്‍ത്ഥം തിരയവെ അവള്‍ക്കു തോന്നി. ടെലിവിഷനിലെ കാഴ്ച്ചകളും കാണാത്ത ലോകത്തെ വാര്‍ത്തകളും മടുത്തിരുന്നു. ചെയ്യാനൊന്നുമില്ലാതിരിക്കല്‍ ശരിക്കും ഒരസ്വസ്ഥതയാണ്.

പിന്നെയും കമ്പ്യൂട്ടര്‍ തുറന്നു. കൗതുകമാണു തോന്നിയത്, ഒരു ഫ്രന്റ് റിക്വസ്റ്റു കണ്ടപ്പോള്‍. ആക്സപ്റ്റു ചെയ്ത് ആ പ്രൊഫൈല്‍ നാമത്തില്‍ ക്ലിക്ക് ചെയ്യുന്നതിനിടെ തന്നെ ചാറ്റ്ബോക്സ് അനങ്ങിയിരുന്നു.
“ :) ”
അവള്‍ പ്രതികരിച്ചില്ല. പിന്നെയും ഒരു സന്ദേശം വന്നു.
“Remember?”
അവളാ പ്രൊഫൈലിലൂടെ സഞ്ചരിച്ചു. ഒരമേരിക്കന്‍ മലയാളി. ഹോം ടൗണ്‍, അതവളുടേതു തന്നെയായിരുന്നു. ഒരുപാടു കൂട്ടുകാരൊന്നുമില്ലാതിരുന്ന ആ പ്രൊഫൈലില്‍ അയാലുടെ ജോലിസ്ഥലത്തെയും  മറ്റും  കുറച്ച് ഫോട്ടോകള്‍ മാത്രം  കണ്ടു.


സാധ്യതയില്ല.” അയാള്‍ തന്നെ തുടര്‍ന്നു. “തന്റെ സീനിയറായിരുന്നു- സെന്റ് ജോസഫ്സില്‍. നമ്മള്‍ കണ്ടിട്ടുണ്ട്. നിനക്കറിയാമായിരുന്നു.”

      ഓര്‍ത്തുനോക്കി. സ്ക്കൂള്‍ അസംബ്ലിയില്‍, വരിയില്‍ നിന്നു പുറത്തിറങ്ങി സ്റ്റെജില്‍ രവീന്ദ്രന്‍ മാഷിന്റെ അടുത്ത് ചെന്നു നിന്ന് മുന്നില്‍ നിരന്നു നിന്ന മുഖങ്ങളിലെല്ലാം പരതി. മിക്കവയും അപരിചിതങ്ങളായിരുന്നു. ഇറങ്ങിപ്പോന്ന വരിയില്‍ പോലും മുഖങ്ങള്‍ കാണാത്ത മുഖങ്ങള്‍! അവള്‍ നൊക്കിനില്‍ക്കെ ലോങ് ബെല്ലടിച്ചു. ഒരാരവം കേട്ടു. തിരിഞ്ഞോടുന്നതിനിടെ കണ്ണിറുക്കിക്കാണിച്ച ഒമ്പതാം ക്ലാസുകാരന്‍ .. അവന്‍ തന്നെയാണോ നേരത്തെ ചാറ്റ് ബോക്സില്‍ പുഞ്ചിരിച്ചത് ...?
      “എവിടെയോ കണ്ടപോലെ..” അവള്‍ പറഞ്ഞു. അവന് സ്ക്കൂളിനെ ഓര്‍ത്തെടുക്കാന്‍ സാധിച്ചിരുന്നു. ബെഞ്ചില്‍ കോറിയിട്ട പ്രണയകഥകളും ചൂരല്‍നോവും മാഷുമാരും..ഓര്‍മ്മകള്‍ക്കെന്തൊരു ഭംഗിയാടോ...?- അവന്‍ ചോദിച്ചു. ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തോളമേ അവളുടെ ഓര്‍മ്മകളും പോയിരുന്നുള്ളൂ
.      അവര്‍ പറഞ്ഞു. പറഞ്ഞു കാടു കയറി കുന്നിറങ്ങി പുഴയോരത്തെത്തിയപ്പോഴേക്കും മഴ പെയ്തിരുന്നു. അവന്‍ കുടയെടുത്തിരുന്നില്ല. അതുവരെ ആരും കയറാതിരുന്ന കുടക്കീഴിലേക്ക് അവളവനെ വിളിച്ചു. ഒന്നിച്ച് നടന്നപ്പോള്‍ അന്നോളം കാണാതിരുന്ന കാഴ്ച്ചകള്‍ കണ്ടു മടുത്ത വഴിവക്കില്‍ കാത്തിരുന്നിരുന്നു.

യാത്ര തുടര്‍ന്നു.

ഒരു നാളവള്‍ ചോദിച്ചു : “സ്റ്റില്‍ സിംഗിള്‍ ?”
“:)” അവന്‍ ചിരിച്ചു.
അവളും  “:) :)”..


അന്നത്തെ യാത്ര ഒരു പൂന്തോട്ടത്തിലേക്കായിരുന്നു. സ്വപ്നത്തില്‍ പൂത്ത പനിനീര്‍പൂക്കളെ അവളൊരു കടലാസിലെഴുതി. അതു വായിച്ച അവനു വിശ്വാസം വന്നിരുന്നില്ല. അവള്‍ പറഞ്ഞു - “At the touch of love, everyone becomes a poet!” അവന്‍ പിന്നെയും ചിരിച്ചു. അവളും.
നടന്നു നടന്ന് ദില്ലിയില്‍, അവളുടെ നഗരത്തിലെത്തിയ നാളാണവള്‍ അവനോടു ചോദിച്ചത്.
-“നിനക്കറിയ്യ്വോ, എനിക്കെന്നിലെക്കെത്ര ദൂരമുണ്ടെന്ന്?”

‌‌ - “ഒരു കടല്‍ ?”

‌‌ - “ഒരു കടലടക്കം ഏഴായിരത്തിമുന്നൂറു മൈല്‍" - ഭൂപടത്തില്‍ നിന്ന് കണ്ണെടുത്ത് അവള്‍ പറഞ്ഞു.
അതും കഴിഞ്ഞ് എഴാം നാളായിരുന്നു, അവളുടെ വീട്ടില്‍ ഒരതിഥിയെത്തിയത്. കോളിങ് ബെല്ലിനെ ഒട്ടും പ്രതീക്ഷിക്കാതിരുന്ന നേരത്ത്, ഒരു ഞായറാഴ്ച്ച. ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങവെ, പുറത്തുനിന്ന മനുഷ്യന്‍ ചോദിച്ചു. “നിനക്കെന്നിലേക്കിപ്പോള്‍ എത്ര ദൂരമുണ്ട്?” അവള്‍ മറുപടി പറഞ്ഞില്ല, ആ ചുണ്ടുകള്‍ ഒരു ബ്രായ്ക്കറ്റു പോലെ വളഞ്ഞു
      ഒരാഴ്ച്ചകൊണ്ടുതന്നെ കല്യാണം  കഴിഞ്ഞു; ഒരമ്പലത്തില്‍ വെച്ച്. ആരെയും  വിളിക്കാനുണ്ടായിരുന്നില്ല. അമ്മൂമ്മ വിളിക്കാന്‍ പഠിപ്പിച്ച ദൈവങ്ങളെ എന്നുമെന്നപോലെ വിളിച്ചു.അവനും  ഭക്തനായിരുന്നു. അരയില്‍ ഒളിച്ചുകിടന്ന ചരടുകളും  തകിടുകളുമാണ് അന്നു രാത്രി അവളോടതു പറഞ്ഞത്.
      പിറ്റേന്ന്, ഒരു തിങ്കളാഴ്ച, പതിവുപോലെ ഓഫീസിലേക്കിറങ്ങുമ്പോള്‍ അവനവളോടു പറഞ്ഞു. - "You were a good stuff".
      ആ പറച്ചിലിന്റെ അവസാനം  അവന്റെ മുഖത്തു വിരിഞ്ഞ ഇമോട്ടിക്കോണിന്റെ അര്‍ത്ഥം  അവള്‍ക്കു മനസിലായിരുന്നില്ല. അവളൊന്നു പുഞ്ചിരിക്കുക മാത്രം  ചെയ്തു. നേരം  വൈകുന്നുണ്ടായിരുന്നു, ഓഫീസിലേക്ക്.      അന്നു വൈകുന്നേരം  അവള്‍ മടങ്ങിയെത്തിയപ്പോള്‍ എല്ലാം  പതിവുപോലെ തന്നെയായിരുന്നു. ലീവിനുപോയ ജോലിക്കാരി മടങ്ങിയെത്തിയിരുന്നു. പക്ഷേ, അവനവിടുണ്ടായിരുന്നില്ല. അലമാരയില്‍ അവള്‍ കരുതിവെച്ചിരുന്നതും .
      അലറിക്കരയാന്‍ തോന്നി. അവള്‍ കരഞ്ഞില്ല. വികാരങ്ങള്‍ അവളോടുപിണങ്ങിപ്പോയിരുന്നു. പുറം ലോകത്തോടവള്‍ക്കു വെറുപ്പുതോന്നി. ഓഫീസ് മുറിയോടും അതിലെ പതിനേഴരയിഞ്ച് സ്ക്രീനിനോടും . ഏകാന്തതയെ ഭ്രാന്തമായി പ്രണയിച്ചുകൊണ്ട് ആ ഫ്ലാറ്റില്‍ കഴിഞ്ഞ നാളുകളിലൊന്നിലാണ് ഒരാഴ്ച്ചപ്പതിപ്പ് അവളെ തേടി വന്നത്. അതിലവളുടെ കവിതയുണ്ടായിരുന്നു, ചാന്ദ്നി എന്ന അവളുടെ പേരില്‍ തന്നെ. അവളുടെ ഡയറി കയ്യില്‍ പിടിച്ചുകൊണ്ട് കനി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.
അവള്‍ മെല്ലെ മാറി. കൂട്ട് അക്ഷരങ്ങളോടായി. അവര്‍ അവളെ അവളെക്കാളേറെ സ്നേഹിച്ചു. ആ പേര് പുസ്തകക്കടകളിലും ലൈബ്രറികളിലുമെല്ലാം ചര്‍ച്ചയായിത്തുടങ്ങി.

       അന്നാളുകളിലൊന്നിലാണവള്‍ പിന്നെയും ഫേസ്ബുക്കിലെത്തിയത്. ഒരു തമാശയ്കായിരുന്നു, ഒരപരനാമത്തില്‍ അവളൊരക്കൗണ്ടുണ്ടാക്കിയത് 
      കണ്ണടച്ചു തുറക്കും മുന്നേ അവള്‍ക്ക് റിക്വസ്റ്റു വന്നു. കൂടെ ഒരു സന്ദേശവും:

“ :) ”!
അവളുടെ നെഞ്ചില്‍ ഒരു കൊടുങ്കാറ്റടിച്ചു.കുത്തും  കോമയും  അക്ഷരക്കൂട്ടങ്ങളും  അതിനൊപ്പം  പറന്നുയര്‍ന്ന ധൂളിപടലത്തിലുണ്ടായിരുന്നു.
എന്നിട്ടും   നിര്‍വികാരതയോടെ അവള്‍ ചോദിച്ചു.

     “ നിനക്കറിയ്യോ നിനക്ക് നിന്നിലേക്കെത്ര ദൂരമുണ്ടെന്ന്?”(ചാറ്റ് ബോക്സ് അടിച്ചുടച്ച് അവള്‍ എന്റെ സ്വപ്നത്തിലേക്ക് ചിറകടിച്ചുവന്നു. ആ കണ്ണുകളിലെ തീഗോളം ഒരീയ്യാമ്പാറ്റയെ എന്ന പോലെ എന്നെ പിടിച്ചുവലിച്ചു. അയ്യാത്രയുടെ പ്രവേഗത്തില്‍ മനസിന്റെ കടിഞ്ഞാണ്‍ വഴുതിപ്പോയി. അവളെന്നോട്  ഫേസ് ബുക്കിന്റെ പാസ്വേഡ് ചോദിച്ചു.
അവള്‍; എന്നെ മോര്‍ഫസിന്റെ മടിയില്‍ മയക്കിടത്തി അകന്നുപോയി. ഞാനുറങ്ങിക്കിടക്കവേ; ഞാനായി അവള്‍ എന്റെ അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്തു
. 
പിറ്റെന്നുണര്‍ന്ന് ഒരു ചുക്കുകാപ്പിയുമായി ഫേസ് ബുക്ക് തുറക്കവെ ; ന്യൂസ് ഫീഡില്‍ കണ്ടു ‌‌- "എസ് എസ് വിഷ്ണു, Minnu kailas and 37 others were tagged in your note”)

Monday, May 7, 2012

സ്വര്‍ഗാരോഹണം

“ഒരിടത്തൊരു പുലയനുണ്ടായിരുന്നു"
         മുന്നിലെ വഴിയില്‍ നിന്നും നോട്ടം പിന്‍വലിക്കാതെ ജിതന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ നാലുപെരുടെ ഏഴു കണ്ണുകളും അയാള്‍ക്കുനേരെ തിരിഞ്ഞു. അജയന്റെ ഒരു കണ്ണ്‌; വണ്ടിയുടെ കുലുക്കങ്ങളിലും അനങ്ങാതെ മൊബൈലിന്റെ ഡിസ്പ്ലേയില്‍ തറച്ചു നിന്നു.
“ഉം"
        സുദേവന്‍ ഒന്നമര്‍ത്തിമൂളി. ജിതന്‍ തുടര്‍ന്നു. “മരണം പ്രവചിക്കുമായിരുന്നു അയാള്‍; കാലങ്കോഴിയുടെ കൂവലിന്റെ താളവും അകലവും കൂട്ടിക്കിഴിച്ച് സ്ഥലവും സമയവും പറയുമായിരുന്നു.”
വിനോദും സഹദേവനും ചേര്‍ന്ന് തുടങ്ങിവച്ച കൂട്ടച്ചിരിയില്‍ പിന്നീട് സുദേവനും; ഒറ്റക്കണ്ണുകൊണ്ട് അജയനും പങ്കുചേര്‍ന്നു. "ഇപ്പഴും ഇതൊക്കെ വിശ്വസിച്ചു പ്രചരിപ്പിക്കാന്‍ ഇവനെപ്പോലെ ചില പൊട്ടന്മാരും"- പെട്ടെന്ന് ചാറ്റ് നിര്‍ത്തി ഫോണ്‍ സ്ക്രീന്‍ ലോക്കുചെയ്ത് കീശയിലിട്ട് കണ്ണട നേരെയാക്കി അജയനെന്ന മാധ്യപ്രവര്‍ത്തകന്‍ ചര്‍ച്ചയിലിടപെട്ടു.

       ജിതന്‍ നിശബ്ദനായി. അയാള്‍ക്ക് മറുപടി പറയാന്‍ താത്പര്യം കുറവായിരുന്നു. ശ്രദ്ധ ഡ്രൈവിംഗിലേക്കു തിരിഞ്ഞു
വണ്ടിയുടെ വേഗത കൂടി. യാത്രക്കാരെല്ലാം അവരുടേതായ ലോകങ്ങളിലേക്കു മടങ്ങി; അജയനും.

       അത്തരം യാത്രകള്‍ പതിവുള്ളതായിരുന്നു. ഉലകത്തിന്റേ ഏതെങ്കിലും ഒരു കോണില്‍ നിന്ന് പല നമ്പറുകളില്‍ന്നിന്നായി ജിതന്റെ വിളിവരും. എത്തേണ്ട സ്ഥലം മാത്രം പറയും. അതിനപ്പുറം ചോദ്യങ്ങള്‍ക്കിടനല്‍കാതെ സംഭാഷണം മുറിയും... കാണാത്ത ലോകങ്ങളിലേക്ക് അവന്‍ അവരെ കൂട്ടിക്കൊണ്ടു പോകും.. ഒരിക്കല്‍ ഒരു ക്ലാസ്മുറിയില്‍ ഒന്നിച്ചിരുന്നതൊഴിച്ചാല്‍ അവനുമായി വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല; അജയന്. പാണ്ഡവെരെന്നു വിളിക്കപ്പെട്ട ആ ഐവര്‍ സംഘത്തിലെ അം ഗത്വം മീശകുരുക്കാതിരുന്ന അക്കാലത്ത് സാഹോദര്യത്തെപ്പോലെയായിരുന്നു. പിന്നെക്കലങ്ങിമറിഞ്ഞ് ജീവിതമൊഴുകിയപ്പോള്‍; അവരപരിചിതരായി.

        എങ്കിലും ആ യാത്രകള്‍ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരിനപ്പുറം ഒന്നും നെടിയേടുക്കാനയാള്‍ക്കു സാധിച്ചിരുന്നില്ല. നാലാള്‍ക്കുമുന്നില്‍ പറയാന്‍ പറ്റിയ ഒരു നാമവിശേഷണം പോലും..
ആഗ്രഹിച്ചിരുന്നു ; ഒരുയിര്‍ത്തെഴുന്നേല്‍പ്പ്. അതിനുള്ള വഴിയായിരുന്നു ജിതന്‍. സാഹിത്യമണ്ഡലത്തെ അടക്കിഭരിച്ച് ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചു നടക്കുന്ന അവന്റെ ജീവിതം പുറത്തുകൊണ്ടുവരാന്‍ സാധിച്ചാല്‍...

         ആ ചിന്ത അനന്തമായി നീണ്ടുപോയി. ഒത്തിരിയുണ്ടായിരുന്നു; തോളിലെ ബാഗില്‍ സ്വപ്നങ്ങള്‍. മാരുതി എയ്റ്റ് ഹന്ഡ്രഡിന്റെ അന്തസ്സില്ലായ്മയില്‍നിന്നൊരു മോചനം... കുടുംബത്തോടൊത്ത് യാത്രകള്‍.. കുട്ടികളെ പുഞ്ചിരിപ്പിക്കുന്ന പോക്കറ്റ് മണി... അയാള്‍ കീശയില്‍ തടവിനോക്കി. ആയിരത്തിന്റെ ഒരു പുത്തന്‍ നോട്ട് മടക്കി പേഴ്സിലേക്കുവയ്ക്കുമ്പോള്‍ അതിന്റെ സൗന്ദര്യം ആസ്വദിച്ച് മതിയായിരുന്നില്ല. പേഴ്സ് തടവിക്കൊണ്ട് ചിന്തകളില്‍ നടക്കവേ; പാതി തുറന്നിട്ടിരുന്ന ജനല്‍ച്ചില്ലിലൂടെ മഴത്തുള്ളികള്‍ ആ മുഖം ലക്ഷ്യമാക്കി കടന്നുവന്നു.

നൊസ്റ്റാള്‍ജിയ പുകഞ്ഞു; അവന് മെല്ലെ മൂളി.

“ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ..”

"വരുമായിരിക്കും" ജിതന്‍ ചിരിച്ചു. ആതിര ആരെന്നു തിരക്കിയ സഹദേവന് സൂര്യാ ബാറിലെ ഡാന്സറാണെന്ന് മറുപടികൊടൂത്തുകൊണ്ട് വിനോദന്‍ ഹാജര്‍ പറഞ്ഞു. സംഭാഷണങ്ങള്‍ നിശ്ശബ്ദം ആസ്വദിച്ചുകൊണ്ട് ജിതന്‍ ആക്സിലേറ്ററില്‍ ചവുട്ടി. റോഡില്‍ കെട്ടിക്കിടന്ന വെള്ളം ചുഴറ്റിയെറിഞ്ഞ് ശകടം ഇരുട്ടിനെ മൂറിച്ചു കുതിച്ചു. ദേഹത്തുതെറിച്ചുവീണ വെള്ളം ശരീരം കുടഞ്ഞ് തെറിപ്പിച്ച് അവരെ തന്നെ നോക്കി നിന്ന തെരുവുനായ; റിയര്‍വ്യൂ മിററിനുള്ളില്‍ നിന്ന് കുറച്ച്നേരം തെറിവിളിച്ച് അടുത്തവളവെത്തിയപ്പോള്‍ ഇറങ്ങിപ്പോയി.

            വഴിയോരക്കാഴ്ച്ചകള്‍ക്കു ഭംഗിയേറിവന്നു. വഴിവിളക്കുകളുടെ കാന്തിയും.
            “പട്ടണം ..!!” ജിതന്റെ കണ്ണുകള്‍ വിടര്‍ന്നു.
            അജയനിലെ മാധ്യമപ്രവര്‍ത്തകനുപക്ഷേ പ്രത്യേകിച്ചൊന്നുമവിടെ കണ്ടേത്തുവാന്‍ സാധിച്ചില്ല. ഒരു സാധാരണ തെരുവിരവിന്റെ കാഴ്ച്കള്‍ക്കപ്പുറം അവിടെയൊന്നുമുണ്ടായിരുന്നില്ല. ആഢംബരത്വവും ദാരിദ്ര്യവും പേവ്മെന്റിലെ അനാഥനിദ്രകളും;വിശന്നവയറുമായി ആരെയൊക്കെയോ കാത്തുനിന്ന പെണ്ണുങ്ങളും...
പെട്ടെന്നുണര്‍ന്നെണീറ്റ സഹദേവന്‍ ബൈനോക്കുലറിലൂടെ സൗന്ദര്യാസ്വാദനം തുടങ്ങി. വിവരണവും.
വണ്ടി മെല്ലെ നിന്നപ്പോള്‍ അനുമതിയാണെന്നുറപ്പിച്ച് അവന്‍ പുറത്തിറങ്ങി. ആര്‍ത്തിയോടെ നടന്നകന്ന അവനെ പുറത്താക്കി ജിതന്‍ പിന്നെയും ആക്സിലേറ്ററില്‍ ചവുട്ടി. പഴകിയമോരിനോളം പുളിച്ച സഹദേവന്റെ സാഹിത്യം കുറച്ചുനേരം അവരെ പിന്തുടര്‍ന്നു. വണ്ടിയിലെ മൂകതയ്ക്കിടയിലൂടെ നിഗൂഢത ഒഴുകിപ്പരന്നു. ജിതനൊഴിച്ചുള്ളവര്‍ പരസ്പരം നോക്കി.
ധൈര്യം സംഭരിച്ച് അജയന്‍ ചോദിച്ചു : “നമ്മളെങ്ങോട്ടാ?”
           “സ്വര്‍ഗ്ഗത്തിലേക്ക് !അര്‍ഹതയില്ലാത്തവര്‍ക്കവിടെ പ്രവേശനമില്ല!!” ജിതനുരുവിട്ടു.

          പിന്നെയും പലയിടങ്ങളില്‍നിന്നായി യാത്രാസംഘത്തിന്റെ അംഗസംഖ്യ കുറഞ്ഞു. സ്വര്‍ഗയാത്രയില്‍ പാണ്ഡവര്‍ രണ്ടുപേര്‍ മാത്രമവശേഷിച്ചു. സ്വന്തം ഭാവിയും അജയന് ഏകദേശം മനസിലായിരുന്നു. വണ്ടി വീണ്ടും നില്‍ക്കുന്നതും കാത്ത് അയാളിരുന്നു.
          അപ്പോള്‍ അവര്‍ എവിടെയായിരുന്നു എന്ന് അയാള്‍ക്കറിയില്ലായിരുന്നു. ഗൂഗിള്‍ മാപ്പിനായി ഫോണ്‍ എടുത്തു. ; ബാറ്ററി എംപ്റ്റി എന്നു കരഞ്ഞുകൊണ്ട് അത് നിത്യനിദ്രപൂണ്ടു.
          ലോകം തനിക്കുചുറ്റും കറങ്ങുന്നതായയാള്‍ക്കുതോന്നി. ഒരു മാരുതി എയ്റ്റ് ഹന്ഡ്രഡ് ; ദീനമായി ഹോണടിച്ചു കൊണ്ട് അയാളുടെ തലയ്കുള്ളിലൂടെ കടന്നുപോയി. വീട്ടുകാരിയും കുട്ടികളും അതില്‍നിന്നു തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ജിതന്റെ ഫീച്ചറിനുവേണ്ടി കണക്കുകൂട്ടിവെച്ചിരുന്ന തലവാചകങ്ങള്‍; ഒന്നൊന്നായി മനസില്‍ നിന്നിറങ്ങിപ്പോയി. കീശയിലെ ആയിരത്തിന്റെ നോട്ടിനെ അയാള്‍ ഒന്നുകൂടി തലോടി.

          വണ്ടി എവിടേയോ നിന്നു. അതൊരു കാടാണെന്ന് മാത്രം അയാള്‍ക്കു മനസിലായി. ജിതന്റെ കണ്ണുകളോളം തന്നെ വന്യത അതിനുണ്ടായിരുന്നു.
           ജിതന്‍ പുറത്തിറങ്ങി; കൂടെ അജയനും. ജിതന്‍ നടന്ന വഴിയെ തന്നെ അയാളും നടന്നു.
പകല്‍ പിറന്നിരുന്നെങ്കിലും വെട്ടം പരന്നിരുന്നില്ല. കാനപിയില്‍ നിന്നും അരിച്ചരിച്ചുവന്ന പ്രകാശത്തെ നടുക്കാട് ഏതാണ്ട് പൂര്‍ണമായും തിന്നുതീര്‍ത്തു. ചിലയിടങ്ങളില്‍ മാത്രം ഇലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ കിരണങ്ങള്‍ അന്തരീക്ഷത്തിലെ ആര്‍ദ്രതയില്‍ മൂര്‍ച്ചയുള്ള വാളുപോലെ കാണപ്പെട്ടു.
           കാഴ്ച്ചകളൊട്ടും ശ്രദ്ധിക്കാതെയായിരുന്നു ജിതന്‍ നടന്നത്. വഴിയിലെവിടെയോ വച്ച് അവര്‍ക്കൊപ്പം സസ്യഭോജിയായ ഒരു നായും ചേര്‍ന്നു. വഴിയില്‍ വീണുകിടന്ന ഫലങ്ങള്‍ അത് ശ്രദ്ധയോടെ ഭക്ഷിക്കുന്നതുകണ്ടപ്പോള്‍ കൗതുകം തോന്നി. ആ കൗതുകം ഒരു തുടക്കം മാത്രമായിരുന്നെന്ന് പിന്നീടു മനസിലായി.
           കാടിനു കാഠിന്യം കുറഞ്ഞുവന്നു. വഴിവക്കില്‍ കുടിലുകള്‍ പ്രത്യക്ഷപ്പെട്ടു. അവിടെ ജീവിതമുണ്ടായിരുന്നു. ദൈവവിഭ്രാന്തിയും (God Delusion) മൂലധനവുമെല്ലാം പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രങ്ങളെ അത്ഭുതത്തോടെ അജയന്‍ നോക്കിനിന്നു. നഗ്നരായ സ്ത്രീകളുടെ മാറിടത്തേക്കു നീണ്ട അയാളുടെ കണ്ണുകളെ അവിടുത്തെ മനുഷ്യര്‍ കണ്ടതും അതേ അത്ഭുതത്തോടെയായിരുന്നു.
            വിശകലനങ്ങള്‍ക്കിട നല്‍കാതെ ജിതന്‍ നടന്നുകൊണ്ടിരുന്നു. നടത്തത്തിന്റെ താളത്തില്‍ അയാള്‍ സംസാരിച്ചു; അജയന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന പല കാര്യങ്ങളും. പക്ഷേ അന്നേരമവയൊന്നും ശ്രദ്ധിക്കാന്‍ അയാള്‍ക്കു സാധിച്ചില്ല. ആയിരത്തിന്റെ നോട്ടും എയ്റ്റ് ഹണ്ഡ്രഡും ജീവിതവും മരണവും സ്വര്‍ഗവും നരകവും... പരിധിക്കപ്പുറത്തെ ലോകങ്ങളിലലയുകയായിരുന്നു അയാളുടെ ചിന്തകള്‍.
            യാത്ര പിന്നെയും നീണ്ടു.
            കഠിനമായ വേദനയുടെ ആവേഗങ്ങളുമായി നാഡികള്‍ മുരണ്ടു. വോള്‍ട്ടേജില്ലാതെ ഓണ്‍ ചെയ്ത മോട്ടോറുപോലെ ഹ്രിദയം നിലയ്കാന്‍ തുടിച്ചു. രക്തം ശരീരം മുഴുവനെത്തുന്നില്ലെന്നയാള്‍ക്കു തോന്നിത്തുടങ്ങി. പരന്നുകിടന്ന നിലാവിനെ മറച്ചുകൊണ്ട് കണ്ണിലേക്കിരുട്ട് ഇരച്ചുകയറി. അയാള്‍ മണ്ണിലേക്ക് വീണു.
ഒരുപാട് കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ സൂര്യന്‍ മുന്നിലുണ്ടായിരുന്നു. സഹയാത്രികന്‍ കാത്തുനിന്നിരുന്നില്ല.

             രണ്ടു വഴികള്‍ അയാള്‍ക്കുമുന്നില്‍ തെളിഞ്ഞുവന്നു. ഒരു പാതയുടെ അറ്റത്ത് ഒരു പുഴയും ഒരു കുടിലും ദ്ര്ശ്യമായിരുന്നു. രണ്ടാമത്തേത് നീണ്ടത് അംബരചുംബികളെ ചുംബിച്ചുണര്‍ത്തി സ്മോഗ് പരന്നുകിടന്ന ഒരു പട്ടണത്തിലേക്കായിരുന്നു.

            സ്വര്‍ഗനരകങ്ങള്‍ !!!

            ഒന്നെണീറ്റുനില്‍ക്കാനയ്യാള്‍ ആശിച്ചു. സാധിച്ചില്ല. ശരീരം അന്ത്യത്തോടടുത്തിരുന്നു. അടുത്ത നിമിഷത്തിന്റെ അനിശ്ചിതത്വം; അപ്പോഴും മരിക്കാതിരുന്ന ചിന്തകളെ വേട്ടയാടിക്കൊണ്ടിരുന്നു. തലച്ചോറു പൊട്ടിത്തെറിച്ചായിരിക്കും തന്റെ മരണം എന്നയാള്‍ക്കു തോന്നി.

           അപ്പോള്‍; അയാള്‍ക്കു പിന്നിലെ ഉയരമുള്ള പാറയില്‍ തലേന്നു രാത്രിമുതല്‍ അയാളുടെ മരണത്തിനായി  അയാളെക്കാള്‍ വിശപ്പുമായി കാത്തിരുന്ന  കഴുകന്‍ ചിന്തിച്ചിരുന്നതെന്തായിരിക്കാം  ....?

"രാമേഷ്ണാ...!"

ഇന്നലെ വൈകുന്നേരം ട്യൂഷനും കഴിഞ്ഞ് ഇറങ്ങിയപ്പോ നടുവിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ലൂസായിരുന്നു. ഒരു മണി മുതല്‍ നാലരവരെ നീണ്ട കുത്തിയിരുത്തം ... ഹൂ!!

ബസ്റ്റാന്റില്‍ ചെന്നു നിന്നു. തിരക്കുള്ള രണ്ടു ബസ് ഒഴിവാക്കി; സീറ്റുള്ള ഒന്നില്‍ കയറി ഇരിപ്പുറപ്പിച്ചു. അതിന്റെ കുഷ്യനില്‍ നന്നായി നടു നിവര്‍ത്തി ഒന്നു നെടുവീര്‍പ്പിട്ടു..

മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ജനലരികിലെ സീറ്റില്‍ സുന്ദരനായ ഒരു യു...വകോമളനായിരുന്നു. സൗജന്യമായി ഞാന്‍ കൊടുത്ത പുഞ്ചിരി തിരിച്ചു ചോദിച്ചേക്കാം എന്നു ഭയന്നിട്ടാവണം അയാളെന്നോട് മുഖം തിരിച്ചു. പിന്നെ കീശയില്‍നിന്നും ഒരു പാക്കെടുത്തു. അതിലെ സാധനം കൈയിലിട്ടൊന്നു തിരുമ്മി വായിലേക്കു വെച്ചു.

അപ്പൊഴേക്കും എന്റെ ഇടതു വശത്തെ സീറ്റിലും ഒരാള്‍ വന്നിരുന്നു. അല്‍പ്പം പ്രായം ചെന്ന ഒരാള്‍. എന്നോടൊന്ന് ചിരിച്ച് ബസ് "കൈതക്കല്‍" നിര്‍ത്തുമെന്ന് ചോദിച്ചുറപ്പുവരുത്തി അയാളൂം ഇരുത്തത്തിന്റെ ആശ്വാസത്തെ ആസ്വദിച്ചു തുടങ്ങി.

ഞാനും എന്തൊക്കെയോ ചിന്തിച്ച് ഇരുന്നു. പുറത്തു നടന്നു പോയ പെണ്ണുങ്ങളുടേ വായ നോക്കി നമ്മുടെ യുവകോമളന്‍ വായ തുറന്നപ്പ്ഴൊക്കെ രൂക്ഷമായ ഒരു ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. എണീക്കാന്‍ പക്ഷേ എനിക്കു തോന്നിയില്ല.

വണ്ടി എടുക്കാന്‍ നേരമാണ് അടുത്തയാള്‍ കയറിയത്. അതും യുവാവു തന്നെ. സീറ്റിനടുത്ത കമ്പിയില്‍ പിടിച്ചുകൊണ്ട് നിന്ന അയാള്‍ ക്കുവേണ്ടി അടുത്തിരുന്ന പ്രായം ചെന്നയാള്‍ എണീറ്റുകൊടുത്തപ്പോള്‍ എന്തോ രോഗിയെങ്ങാനാണെന്നാണെനിക്കു തോന്നിയത്. പേടിപ്പെടുത്തുന്ന കുറേ ചേഷ്ടകള്‍ അയാള്‍ കാണിക്കുന്നുണ്ടായിരുന്നു.സങ്ങതി കള്ളാണെന്ന് വ്ര്ദ്ധന്‍ എനിക്കപായ സൂചന തന്നെങ്കിലും വൈകിപ്പോയിരുന്നു. എന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കി അയാള്‍ വിളീച്ചു.

"രാമേഷ്ണാ...!"

ആ വായില്‍ നിന്നും പുറത്തുവന്ന കാറ്റ് സര്‍ വ നാഡികളേയും തളര്ത്തിക്കൊണ്ട് എന്റെ മൂക്കിലേക്കിരച്ചു കയറി.

ഞാന്‍ കേള്ക്കാത്ത ഭാവം നടിച്ച് ശ്വാസം വലിക്കാതെ വലതു വശത്തെ ഹാന്സുകാരനെ നോക്കി. അയാളൂടെ മുഖത്തും ഒരു പൈശാചികത നിഴലിച്ചിരുന്നു. ചെകുത്താന്റെയും കടലിന്റെയും ഇടയ്ക്കുള്ള തീരത്താണു താനെന്ന് എനിയ്ക്കേതാണ്ട് ബോധ്യമായിരുന്നു.

എണീറ്റ് നില്ക്കാന്‍ ഞാനൊരു ശ്രമം നടത്തിനോക്കിയെങ്കിലും അയാളോട് വഴി ചോദിക്കാന്‍ എനിക്കു ധൈര്യം വന്നില്ല. അടുത്ത സ്റ്റോപ്പിലെങ്ങാന്‍ ഇറങ്ങുന്നയാളാണെങ്കിലോ.. എന്നെ ഞാനവിടെ തളച്ചിട്ടു.

അയാള്‍ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു. ഭാഷയില്‍ അവ്യക്തതയുണ്ടായിരുന്നു എങ്കിലും രാമക്രിഷ്ണനോടായിരുന്നു സംസാരം എന്നു മനസിലായി. പറഞ്ഞ കാര്യങ്ങളില്‍ നിന്നും രാമക്രിഷ്ണന്‍ അദ്ദേഹത്തിനത്ര ഇഷ്ടമില്ലാത്ത ആളാണെന്നും വ്യക്തമായി. വെട്ടുന്നതിനെയും കുത്തുന്നതിനെയും പറ്റിയൊക്കെ പറയുന്നുണ്ടായിരുന്നു. എന്റെ മനസില്‍ ഇടിവെട്ടുന്നുണ്ടായിരുന്നു. എന്നെയാണ് വിളിച്ചത് - രാമേഷ്ണാന്ന് !!

ബസ് അടുത്ത സ്റ്റോപ്പില്‍ നിര്ത്തി. അത് അയാളെ വെറുപ്പിച്ചു. ഡ്രൈവറുടേ അച്ഛനെ രണ്ടാവര്ത്തി വിളീച്ചപ്പോള്‍ അയാള്‍ രാമക്രിഷ്ണനെ മറന്നു. സംസാരം പിന്നെ ഡ്രൈവറോടായി.

ഒട്ടൊന്നടങ്ങിയപ്പോള്‍ ഞാന്‍ രണ്ടും കല്പ്പിച്ച് വഴി ചോദിച്ചു.

വിക്ര്തമായൊരു ചിരി ചിരിച്ച് അയാള്‍ എണീറ്റുകൊള്ളാന്‍ പറഞ്ഞു. ഞാനെണീറ്റു നീങ്ങിയപ്പോള്‍ എന്റെ ബാഗില്‍ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു...

"നല്ലോണം പഠിക്കണം "

തിരിഞ്ഞു നോക്കാന്‍ പോലും എനിക്ക് ധൈര്യം വന്നില്ല.
പുറത്ത് കള്ളു ഷാപ്പിലേക്ക് അപ്പോഴും മനുഷ്യര്‍ നടന്നു പോകുന്നുണ്ടായിരുന്നു.

കണ്ടക്റ്റര്‍ വന്ന് ടിക്കറ്റ് മുറിക്കാന്‍ നേരം അയാളോട് ചോദിച്ചു ;

"ഉള്ള്യേരിക്ക് തന്നല്ലെ 'മാഷേ' ? "

പറയാതെ പോയ ചിലര്‍

രാത്രിയുടെ നിശബ്ദതയില്‍
തിന്നുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും
ശരിക്കു വേവാത്ത ഒരു വറ്റ് പുറത്തു ചാടി.

പാതി തുറന്ന ജനവാതിലിലൂടെ
പുറത്ത് കടന്ന്
അതു നക്ഷത്രങ്ങളിലേക്ക് പറന്നു പോയി

അതെന്റെ ബാല്യമായിരുന്നു.

... പാത്രത്തിന്റെ വക്കില്‍
വീഴാന്‍ കാത്തിരുന്നത്

സ്വപ്നങ്ങളുടെ സുഗന്ധമുള്ള
എന്റെ കൗമാരമായിരുന്നു !

മഴയത്ത് കത്തിപ്പോയത്

അവള്‍ക്കൊപ്പമിരുന്നപ്പോള്‍ മഴയ്ക്ക്
പ്രണയത്തിന്റെ താളം
അവന്റെ കൈ കോര്‍ത്തപ്പോള്‍
സൗഹ്ര്ദത്തിന്റെ ഗന്ധം

അവള്‍ പിരിഞ്ഞനാള്‍ പെയ്തപ്പോള്‍
കണ്ണീരിന്റെ കയ്പ്പ്
അവന്റെ കൈ കണ്ണീരു തുടച്ചപ്പോള്‍
സ്നേഹത്തിന്റെ നനവ്

... അന്നുരാത്രി
രാത്രിമഴയത്ത്
നാലുചുമരുമാത്രമുള്ള
അവന്റെ വീട്ടിലുറങ്ങിയപ്പോള്‍

അടുപ്പിലെ നനഞ്ഞ വെണ്ണീറില്‍ നിന്ന്
ഉമ്മയെടുത്തെറിഞ്ഞ തീക്കനല്‍
എന്റെ കാല്‍പ്പനികതയെ ബാഷ്പീകരിച്ചു.

"ഉളുപ്പില്ലാണ്ട് പാത്തട്ടെ; പടച്ചോന്‍
വരണ്ട പള്ളേലെ നീറ്റലിന്മേല്‍"

നിന്നോടു തന്നെയാ...!

എന്റെ പ്രണയത്തിനു വേണ്ടിയൊരുക്കിയ ബലിച്ചോറ് ഇന്നലെയാണു ഞാന്‍ ചവുട്ടിത്തെറിപ്പിച്ചത്. കൊന്നു കുഴിച്ചുമൂടുന്തോറും അതുണര്‍ന്നെണീക്കുന്നു. രാത്രികളില്‍ കുഴിമാടങ്ങളില്‍ നിന്നും പുറത്തുവന്ന് ഉറക്കം കെടുത്തുന്നു. ഏകാന്തതയോടുള്ള എന്റെ കൂട്ടുകെട്ടിനെ കൂട്ടുപിടിച്ച് നിശബ്ദതയുടെ താളവുമായി ചിന്തകളിലേക്ക് പറന്നുവരുന്നു

കൗമാരപ്രണയം..., അതു പൂമ്പാറ്റയെപ്പോലത്രെ!! ഏറ്റവും മനോഹരം , നിഷ്കളങ്കം !! ജീവിതം പക്...ഷേ കുറഞ്ഞ നാളുകളത്രെ..
ഇല്ല, തര്‍ക്കങ്ങള്‍ക്കില്ല..
എങ്കിലും വര്‍ണാഭമായ വസന്തങ്ങളിലേക്ക് എന്നെയും കൊണ്ട് പറന്ന നിന്നോടെനിക്കാദരവാണ്.
.
ചിലപ്പോളിഷ്ടവും ചിലപ്പോള്‍ നിരാശയും തോന്നുന്നു. നിനക്കുമുന്നിലെന്നും നൂലുപോലുലഞ്ഞ എന്റെ നട്ടെല്ലിനെക്കുറിച്ചോര്‍ക്കുമ്പോള്‍. നോട്ടങ്ങള്‍ക്കുമുന്നില്‍ തോറ്റു തൊപ്പിയിട്ട നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍...പറയാതെ പോയതിനെക്കുറിച്ചൊക്കെയോര്‍ക്കുമ്പോള്‍..

ഈ കുറിപ്പ് നീയും വായിച്ചേക്കാം.
ഏതെങ്കിലും ഒരു പടുങ്ങോധരനെക്കുറിച്ചു നീയും അപ്പോള്‍ ചിന്തിക്കും, ഉറപ്പ് !! അന്നേരവും നീ അറിയാതെ പോകുന്ന ഒരു സത്യമുണ്ട് ; ഞാനിത്ര നേരം പറഞ്ഞുകൊണ്ടിരുന്നതും നീ കേട്ടുകൊണ്ടിരുന്നതും നിനക്കറിയാത്ത നിന്നെക്കുറിച്ചാണെന്ന്..
അഥവാ; അതു നീ അറിഞ്ഞിരുന്നെങ്കില്‍ ...; ഇതു വായിക്കുന്നേരം ...
ആത്മാര്‍ത്ഥതയുടെ ഒരു കണിക പോലുമില്ലാത്ത ദേഷ്യം നിനക്കു തോന്നും !‌ അര്‍ത്ഥമില്ലാത്തൊരവജ്ഞ നിനക്കെന്നോടു തോന്നും ..

അതെല്ലാം മുന്നില്‍ കണ്ടൂകൊണ്ടു തന്നെ; പറഞ്ഞു പഴകിയ ആ കള്ളത്തരം ഞാന്‍ വീണ്ടുമാവര്‍ത്തിക്കട്ടെ;
നീ എന്റെ സുഹ്ര്ത്താണ്! ഒരു നല്ല സുഹ്ര്ത്ത്.. സുഹ്ര്ത്ത് മാത്രം !!!

ഭ്രാന്ത്

നടന്നു തുടങ്ങിയപ്പോള്‍
കാലടികള്‍ക്കിടയിലകലം കൂടാതിരിക്കാന്‍
അമ്മയൊരു ചങ്ങലയിട്ടിരുന്നു.

തീവണ്ടിയില്‍
മുന്നിലെ സീറ്റിലിരുന്ന മാമനോടു ചിരിച്ചപ്പോള്‍
അച്ഛനിട്ട ചങ്ങല വലിഞ്ഞു

അക്ഷരങ്ങളില്‍ പൊതിഞ്ഞ കള്ളത്തരങ്ങളെ
കാണാനാഞ്ഞപ്പോള്‍
... മാഷിട്ട ചങ്ങല പുറത്തു മുറുകി

ഒടുക്കം
ഒന്നു കുതറി
അലറി. 


ചങ്ങലയറ്റു.

കരച്ചിലടക്കി അമ്മയും
സഹതാപത്തോടെ മാഷും
ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു

"എനിയ്ക്ക് ഭ്രാന്താണ്"Link list