സമരവഴികളിൽ മഴനനഞ്ഞ്


"എം കെ കേള്വേട്ടാ
ഏവി കുഞ്ഞമ്പ്വോ
ഇക്കുറി ചെത്തൂലേ
കൂത്താള്യെസ്റ്റേറ്റ്"

ആയിരത്തിത്തൊള്ളായിരത്തിനാല്പതുകളിൽ പേരാമ്പ്രയുടെ മലയോരപ്രദേശങ്ങളിൽ നടന്ന ഐതിഹാസികമായ കൂത്താളി സമരത്തെ പരിഹസിച്ചുകൊണ്ട് നാട്ടിലെ കോൺഗ്രസുകാർ സമരത്തിനു നേതൃത്വം കൊടൂത്ത അന്നത്തെ കർഷക സംഘം പ്രവർത്തകരോട് ചോദിച്ചതാണിത്.

ഡൽഹൗസിയുടെ ദത്തപഹാരനിയമം വഴി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ അന്നത്തെ മദിരാശി സർക്കാർ ഏറ്റെടുത്ത ഭൂമി, മലബാർ കലക്ടറുടെ അധികാരത്തിൻ കീഴിലായിരുന്നു. പേരാമ്പ്രയിൽ സ്പെഷൽ തഹസിൽദാരെ നിയമിച്ച് കൂത്താളി എസ്റ്റേറ്റ് എന്ന പേരിലാണ് ഭൂമി പരിപാലിച്ചു പോന്നത്. മലയൊരപ്രദേശത്തെ സാധാരണജനങ്ങളുടെ മുഖ്യ ഉപജീവനമാർഗമായിരുന്ന പുനം കൃഷിയ്ക്ക് ഈ അധികാരക്കൈമാറ്റത്തോടെ അവസാനമായി. പുനം കൃഷി അനുവദിക്കാനാവശ്യപ്പെട്ടുള്ള നിവേദനങ്ങൾ വിഫലമായപ്പോഴാണ് കർഷകസംഘം സമരത്തിലേക്ക് നീങ്ങിയത്. സമര വളണ്ടിയർമ്മാർ വിലക്ക് ലംഘിച്ച് അതിസാഹസികമായി പെരുവണ്ണാമൂഴിയിൽ കാടുവെട്ടി കൊടിനാട്ടി. പലകുറി അടിച്ചമർത്തപ്പെട്ട സമരം വീണ്ടും ശക്തിയാർജിച്ചതും ഒടുക്കം കർഷകർക്ക് മണ്ണ് ലഭിച്ചതും പിൻകാല ചരിത്രം.

പഴയ കൂത്താളി എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന സ്ഥലങ്ങളാണ് പെരുവണ്ണാമൂഴിയും മുതുകാടും പേരാമ്പ്ര എസ്റ്റേറ്റുമെല്ലാം. മഴക്കാലത്ത് വന്യതയുടെ വശ്യമനോഹാരിതയുമായി ഉറങ്ങിക്കിടക്കുന്ന ഈ പ്രദേശത്തെ ടൂറിസം ഡിപ്പാർട്ട്മെന്റോ സഞ്ചാരികളോ അർഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടിട്ടില്ല.

കോഴിക്കോട് നഗരത്തിൽനിന്നും ഏതാണ്ട് 55 കിലോമീറ്റർ അകലെയാണ് പെരുവണ്ണാമൂഴി ഡാം. അതിനടുത്താണ് അച്ഛന്റെ സ്ക്കൂൾ. തലേന്ന് വീട്ടിലെത്തിയ എന്നോട് നാളെ സ്ക്കൂളിൽ വരുന്നോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ ഞാൻ ചെയ്തത് വൈശാഖനെ വിളിച്ച് പെരുവണ്ണാമൂഴി വരുന്നോ എന്ന് ചോദിക്കുകയാണ്. പലകുറി മുടങ്ങിയ യാത്രാലോചനകളുടെയൊടുക്കം ഏതൊരു സഞ്ചാരിയെയുമെന്നപോലെ ഞാനും മനസിലാക്കിയിരുന്നു പെട്ടെന്നെടുക്കുന്ന തീരുമാനങ്ങളേ ശരിയാവൂ എന്ന്.

“ഞാനെപ്പഴേ റെഡി" - അവൻ പറഞ്ഞു.

രാവിലെ അവൻ ഇറങ്ങാൻ നേരം മെസേജ് ചെയ്തപ്പോഴാണ് ഞാനെണീക്കുന്നത്. 11 മണിക്ക് ഞങ്ങളിറങ്ങി. അവന്റെ ബൈക്ക്, ഞങ്ങൾ രണ്ടുപേർ, എന്റെ പോക്കറ്റിൽ 200 രൂപ. നേരെ പെരുവണ്ണാമൂഴിക്ക്.

അഞ്ചു കിലോമീറ്റർ യാത്രചെയ്തപ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു. അതു കാര്യമാക്കാതെ യാത്ര തുടർന്നു. കടിയങ്ങാട് കഴിഞ്ഞ് കുറച്ചുദൂരം പോയപ്പോഴേക്കും മഴ കനത്തു. ഞങ്ങൾ ബൈക്കു നിർത്തി അടുത്ത ബസ് സ്റ്റോപ്പിലേക്ക് കയറി.

മഴനേരങ്ങളിലെ സുഹൃദ്ഭാഷണങ്ങൾ മേല്ക്കൂരയുള്ളവന്റെ സൗഭാഗ്യമാണ്. ബിരുദധാരിയാവാൻ ഒരുവർഷം മാത്രം ബാക്കിയുള്ള അവനും മൂന്നുവർഷം കാത്തിരിക്കേണ്ട ഞാനും എൽ.എ.ഡി ഫണ്ടിൽ നിന്ന് ആ ബസ്റ്റോപ്പിനുവേണ്ടി കാശു മാറ്റിവെച്ച ബഹു. സ്ഥലം എം.എൽ.എ യോട് കൃതാർത്ഥരായി ഭാവിയെക്കുറിച്ച് വാചാലരായി. തേച്ചുപോയവളെക്കുറിച്ചും തേഞ്ഞ പരീക്ഷകളെക്കുറിച്ചും സംസാരിച്ചിരിക്കവേ മഴതോർന്നു, യാത്ര തുടർന്നു.

12 മണിക്ക് പെരുവണ്ണാമൂഴി എത്തി. ഡാം സൈറ്റിലേക്കുള്ള കവാടം കടന്ന് കുറച്ചപ്പുറം ഒരു കാന്റീൻ ഉണ്ട്. അവിടന്നൊരു കാപ്പി കുടിച്ചു. ജലസേചനാവശ്യാർത്ഥം പണിതീർത്ത ഡാമിനോട് ചേർന്ന് വന്യമൃഗങ്ങളുടെ പുനരധിവാസ കേന്ദ്രവും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായുണ്ടാക്കിയ പൂന്തോട്ടവുമുണ്ട്. അതിമനോഹരമാണ് ഡാം സൈറ്റ്, അടുത്തകാലം വരെ ബോട്ടിംഗ് സൗകര്യമുണ്ടായിരുന്നു. എസ്.എൽ.ആർ. ഹോസ്റ്റലിൽ വെച്ച്പോരാൻ തോന്നിച്ച നിമിഷത്തെ ശപിച്ചുകൊണ്ട് മോട്ടോ ജി ത്രീയെ ശരണം പ്രാപിച്ചു. അധികം വൈകാതെ തിരിച്ചിറങ്ങി. യാത്ര തുടർന്നു. (തിരിച്ചു നടക്കുമ്പോൾ എച്ച് ഡി ആറിന്റെ ടെക്നിക്കാലിറ്റിയെക്കുറിച്ച് എഞ്ചിനിയറുടെ വക പ്രത്യേകം പഠനക്ലാസുണ്ടായിരുന്നു, തദ് വിഷയത്തിൽ സംശയങ്ങളുള്ളവർക്ക് ബഹു. വൈശാഖൻ അവർകളെ ഇൻബോക്സിൽ ബന്ധപ്പെടാവുന്നതാണ്)

മുതുകാട് ഒരു ബന്ധുവീട്ടിൽ പോയപ്പോഴാണ്, അവിടത്തെ വെള്ളച്ചാട്ടം ഞാൻ ആദ്യമായും അവസാനമായും കാണുന്നത്, ഒരു പത്തുവർഷമെങ്കിലും മുന്പ്. പിന്നീടിതുവരെ വീട്ടിൽ നല്ലക്കുട്ടിയാകയാലും കൂട്ടുകാർക്കൊപ്പം കറക്കം ശീലമില്ലായ്കയാലും വീണ്ടുമൊരു പോക്ക് ഉണ്ടായില്ല. ഒരു ദശാബ്ദത്തിന്റെ പഴക്കമുള്ള ഓർമകളിൽ നിന്നും വഴികൾ തിരഞ്ഞുപിടിച്ചും പിന്നെ 'ചോയ്ച് ചോയ്ചും' പോവാൻ തീരുമാനിച്ചു. മുതുകാട് ടൗണിൽ വെള്ളച്ചാട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ മനസിലാകാതിരുന്ന ചേട്ടനോട് ഉമാമഹേശ്വരി ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സ്ഥലം മനസിലായത്. പക്ഷേ പോയപ്പോൾ വഴി കൺഫ്യൂഷനായി. ചോദിക്കാൻ റോഡിൽ ആരുമൊട്ടില്ലതാനും നമുക്ക് വേറൊരിടത്തേക്ക് പോകാമെന്ന് ഞാൻ പറഞ്ഞു. പേരാമ്പ്ര എസ്റ്റേറ്റായിരുന്നു ലക്ഷ്യം. പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള ഇവിടെ റബറും കശുവണ്ടിയുമാണ് പ്രധാന കൃഷി. രണ്ടുവർഷം മുൻപുവരെ അച്ഛൻ ജോലി ചെയ്തിരുന്നത് അവിടെയുള്ള സ്ക്കൂളിലായിരുന്നു. യു.പി. ക്ലാസുമുതൽ പലകുറി അച്ഛനൊപ്പം ഞാനവിടെ പോയിട്ടുണ്ട്.

ഞങ്ങൾ എസ്റ്റേറ്റ് ഗേറ്റിനടുത്തെത്തി. ഗേറ്റ്കീപ്പർ ഒരു മുഷിപ്പനായിരുന്നു. ഞങ്ങളോട് വണ്ടി നിർത്താൻ ആംഗ്യം കാണിച്ചു. അച്ഛൻ പഠിപ്പീച്ച സ്ക്കൂളുകാണിക്കാൻ കൂട്ടുകാരനെയും കൂട്ടിപ്പോകുന്ന കൗമാരക്കാരനോട് അദ്ദേഹം ദയയൊന്നും കാണിച്ചില്ല. നിഷേധസ്വരത്തിൽ പറഞ്ഞു: "ആനയുണ്ട്, സന്ദർശകർക്ക് വിലക്കാണ്.”

തിരിച്ചുപോരുക എന്ന തീരുമാനമെടുക്കും മുന്നേ ദയനീയഭാവത്തിൽ ഞങ്ങൾ നോക്കിയ നോട്ടം അദ്ദേഹത്തിന്റെ മനസുമാറ്റി. “ഉം, രണ്ടുപേരുടെയും പേരും ഫോൺ നമ്പറും വണ്ടീടെ നമ്പറും എഴുതിവെച്ച് പൊക്കോ, പെട്ടെന്ന് തിരിച്ച് പൊക്കോണം " - അധികാരിയുടെ ഔദാര്യം.

ആ മഹാനുഭാവനോട് ചെയ്യേണ്ട പ്രത്യേകതരം ഒരു പ്രതികാരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു. ഒട്ടുദൂരം ചെന്നാൽ മനോഹരമായ ഒരു വ്യൂ പോയിന്റുണ്ട്, ഒരു വലിയ പാറയും കീഴെ റബർ തോട്ടവും പിന്നിൽ കാടും. (ഫോട്ടോ കാണുക) പിന്നെയും മുന്നോട്ട് പോയാൽ പേരാമ്പ്ര പ്ലാന്റേഷൻ ഗവ. ഹൈസ്ക്കൂൾ കാണാം . അതിനു പിറകിൽ മനോഹരമായ ഒരരുവിയുണ്ട്. പോകാൻ വഴി ചോദിച്ച ഞങ്ങളോട് ഒഴുക്കും വഴുക്കലും ആഴവുമുണ്ടെന്ന് ഓർമിപ്പിച്ച ചേട്ടന് കൊടുത്ത വെള്ളത്തിലിറങ്ങില്ലെന്ന വാക്ക് പാലിച്ച് ഞങ്ങൾ മാതൃകയായി.

യുക്തിവാദികളായതിനാൽ ഭൂമിയിലെ സ്വർഗത്തിന്റെ ഉപമയുപയോഗിച്ച് ബോറാക്കുന്നില്ല (വെറുതെ എന്തിനാ കാശ്മീരിനെക്കൊണ്ട് ഐ.പി. കേസ് ഫയൽ ചെയ്യിക്കുന്നത് :P ). മലയും മഴക്കാറും പുഴയും മഴക്കാടും തീർക്കുന്ന മാസ്മരികത നേരിട്ടുപോയാൽ നിങ്ങൾക്കനുഭവിക്കാം .
കുറച്ചുനേരം അവിടെ ചെലവഴിച്ച് തിരിച്ചുപോരും വഴി അച്ഛനെ വിളിച്ച് വഴി ചോദിച്ച് വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചു. എസ്റ്റേറ്റ് ഗേറ്റിനെതിരെ വലതുഭാഗത്തേക്കുള്ള റോഡാണ്. ഒരുപാട് കയറ്റം കയറി ചോദിച്ച് ചോദിച്ച് ഞങ്ങൾ ഉമാമഹേശ്വരി ക്ഷേത്രത്തിനടുത്തെത്തി.

അതിനടുത്താണ് വെള്ളച്ചാട്ടം. വഴികാണിച്ചുതന്ന പേരറിയാത്ത കൂട്ടുകാർക്ക് നന്ദി. വെള്ളച്ചാട്ടത്തിനു മുകളിൽ ഒരു മരച്ചുവട്ടിൽ ചെറിയൊരു നാഗാരാധനയുണ്ട്. ഒരു ഫോട്ടോയും വിളക്കും കാണാം. അവിടെനിന്നും നോക്കിയാൽ പെരുവണ്ണാമൂഴി റിസർവോയറടങ്ങുന്ന ഒരു വ്യൂ ഉണ്ട്.

മെല്ലെ വെള്ളച്ചാട്ടത്തിനുകീഴിലേക്ക് നടക്കാൻ തുടങ്ങി. ക്യാമറയുടെ പരിമിതി കാരണം അതിന്റെ നല്ല ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. അധികം വൈകാതെ മഴ തുടങ്ങി, ആസ്വദിച്ചു നനഞ്ഞു. ഫോൺ വാട്ടർ റെസിസ്റ്റന്റായതിന്റെ ഗുണം അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്.

വെള്ളച്ചാട്ടത്തിനു കീഴിൽ പോയി. നല്ല വഴുക്കലുണ്ടായിരുന്നു, അധികം അഡ്വഞ്ചറസാവാൻ പോവാതെ തിരിച്ചു പോന്നു. പിന്നെ മടക്കയാത്ര.

പെരുവണ്ണാമൂഴിക്കിപ്പുറം താഴത്തുവയൽ എന്ന സ്ഥലത്ത് ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു. പിന്നെ അച്ഛന്റെ സ്ക്കൂളിലേക്ക്. അവിടെ കുറച്ചു സമയം ചെലവഴിച്ച് തിരിച്ചപ്പോൾ വീണ്ടും മഴ, വെറും മഴയല്ല, ഈരാഞ്ചേരിക്കോടമഴ!

മഴ നനയാനുള്ളതാണല്ലോ!


കൂടുതൽ ചിത്രങ്ങൾ https://www.facebook.com/arjunazad/albums/1097859370289373/?ref=bookmarks

Comments

Popular Posts