ഏറെ നാളുകള്‍ക്കു ശേഷം പകല്‍വെളിച്ചത്തില്‍ ഞാന്‍ ഉറക്കത്തെ കണ്ടുമുട്ടി. സ്വര്‍ണം പതിച്ചിരുന്ന ഒരു തേരില്‍ എന്നെയും കൂട്ടി അതു ചെന്നത് ഒരു ദര്‍ബാറിലേക്കായിരുന്നു.

പ്രൗഢമായ സദസ്സ്. അത്തറിന്റെ സുഗന്ധം അവിടെ വീശിയ നേര്‍ത്ത കാറ്റിലും അലിഞ്ഞുകിടന്നു. കണ്ണഞ്ചിപ്പിക്കുന്ന പട്ടുവസ്ത്രങ്ങളില്‍ ദീപപ്രഭ പ്രതിഫലിച്ചു. അലങ്കാരവിളക്കുകളും രത്നങ്ങളും .. എല്ലാ കോണിലും രാജകീയത തിളങ്ങിനിന്നു.

സിംഹാസനത്തില...്‍ അക്ബര്‍. ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. സദസ്സിന്റെ നിശബ്ദതയ്ക്കു മൂര്‍ച്ച കൂടി. ഒരു മാന്ത്രികന്റെ വിരലുകളില്‍ തംബുരു തന്ത്രികള്‍ ഉണര്‍ന്നു. താന്‍സെന്‍ പാടുകയായിരുന്നു.... മേഘമല്‍ഹാര്‍. ....!!

ഞാന്‍ ചുറ്റും നോക്കി. ദര്‍ബാര്‍ ഹാളിനു വലുപ്പം കൂടിയിരുന്നു. ഒരുപാടു തലമുറകള്‍ എനിക്കുപുറമേ അവിടെ ഒത്തുകൂടിയിരുന്നു. മയിലമ്മയും ലോമപാദനുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു വേഴാമ്പല്‍ കത്തിക്കാതിരുന്ന തൂക്കുവിളക്കുകളിലൊന്നില്‍ ഇരിപ്പുറപ്പിച്ചു.

രാഗം കാതില്‍ പെയ്തിറങ്ങി. രാംതനുവിന്റെ ശബ്ദം മഴമേഘങ്ങളെ വശീകരിക്കാന്‍ യാത്ര തുടങ്ങി.നേരമിരുണ്ടതും പിന്നെയും വെളുത്തതുമറിഞ്ഞു. പക്ഷേ ഒരു മഴത്തുള്ളിപോലും പെയ്തിറങ്ങിയില്ല.

ആര്യഭടന്‍ മട്ടുപ്പാവില്‍ നിന്നും നിരാശയോടെ വന്നു മുഖം കാണീച്ചു. കൗടില്യന്‍ അര്‍ത്ഥശാസ്ത്രം മറിച്ചുനോക്കി-വെറുതെയെന്നറിഞ്ഞിരുന്നെങ്കിലും.

നിരാശയുടെ നിമിഷങ്ങളിലെപ്പൊഴോ ഒരു നനവ് എവിടേയോ അറിഞ്ഞു. അതു കണ്ണുനീരായിരുന്നു - ആ വേഴാമ്പലിന്റെ!

***

ഉണര്‍ന്ന് വാച്ചെടുത്തുനോക്കിയപ്പോള്‍ സൂചികള്‍ പെട്ടെന്ന് പിന്നോട്ടു കറങ്ങി. എണീറ്റു വന്ന് മുറ്റത്തേക്കു നോക്കി. നനവുണ്ടായിരുന്നില്ല ; മഴക്കാലമായിട്ടും...

Comments

Popular Posts