അനന്തരം, യാത്രാന്തരം ...
"ഇതുപോലെ ദൂരയാത്രകളില്‍ ഒരനുഗ്രഹമാണ്, കൂട്ടിനൊരാള്‍.. അതും മലയാളി, ഇതു ഭാഗ്യം തന്നെ.. നാട്ടില്‍ വിശേഷിച്ചെന്തേലും ...?"
"നാട്ടില്‍..ഇക്കുറി ഒരുപാടുണ്ട് ചെയ്തു തീര്‍ക്കാന്‍. ഒരു വീടു വില്‍ക്കാനുണ്ട്. പഴയതാണ്. പഴയ തറവാടുവീട്. പ്രേതങ്ങളും പല്ലിയും പാമ്പും വാഴുന്നിടം...”
.
“എന്റെ ലക്ഷ്യത്തിലുമുണ്ട് പലതും.. പക്ഷെ ലക്ഷ്യങ്ങളെക്കാള്‍ എനിക്കെന്നുമിഷ്ടം യാത്രകളെയാണ്. ശരിക്കും അവ തന്നെയാണ് ആസ്വദിക്കപ്പെടേണ്ടതും, അlല്ലേ?"
"യാത്രകളെ ഞാന്‍ വെറുത്തിരുന്നു...പക്ഷെ ഇപ്പൊളിഷ്ടമേറുന്നു. ചില യാത്രകള്‍ ജീവിതം തന്നെ മാറ്റാറുണ്ട്, ഒരു പക്ഷേ ഈ യാത്രയ്ക്കും വീടു വില്പനയ്കും കാരണം അത്തരമൊരു യാത്രയാണ്.”
"ആ കഥ കേള്‍ക്കാന്‍ താത്പര്യമുണ്ട്. പുറം കാഴ്ച്ചകളിലേക്കു തിരിയുകയല്ലെങ്കില്‍ ..”
*******
പിന്നെയും ചിന്തകള്‍ ഓര്‍മ്മകളിലേക്ക്.. ഓര്‍മ്മിക്കാതിരുന്നിട്ടും ഓര്‍മ്മകള്‍ക്കൊന്നും തെളിച്ചം കുറഞ്ഞിട്ടില്ല. അന്നത്തെയാ കമ്പാര്‍ട്ട്മെന്റ്.. സീറ്റില്‍ ആരൊ ഹിന്ദിയില്‍ എഴുതിവെച്ചിരുന്ന അവ്യക്തമായ വാക്കുകള്‍..
ദില്ലി.
ഹിമസാഗര്‍ എക്സ് പ്രസ് കിതച്ചുനിന്നു. പ്ലാറ്റ്ഫോമില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. പ്രതീക്ഷിച്ചയാള്‍ കയറിയെന്നു മനസ്സിലാക്കിയ കണ്ണുകള്‍ തിരിച്ച് കംപാര്‍ട്ട്മെന്റില്‍ തന്നെ ചുറ്റിത്തിരിഞ്ഞു. മുന്നിലെ സീറ്റില്‍ ഒരു പെണ്ണു വന്നിരുന്നിരുന്നു. പത്തിരുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. ജീന്സും ടീഷര്‍ട്ടുമായിരുന്നു വേഷം. പണ്ടേ ഇഷ്ടമായിരുന്നില്ല – ജീന്‍സു ധരിക്കുന്ന പെണ്‍കുട്ടികളെ.. അവള്‍ക്കു കാര്യമായ പരിഗണന കൊടുക്കാതെ ഞാന്‍ ഇരുത്തത്തില്‍ ശ്രദ്ധിച്ചു.
അധികം വൈകാതെ അവള്‍ ഒരു പുസ്തകം തുറന്നുവെച്ചു. അതിന്റെ കവര്‍ പേജിലൂടെ വെറുതെ കണ്ണോടീച്ചു. ഒരു താടിക്കാരന്റെ ചിത്രമുണ്ടായിരുന്നു. "ഫ്രം സെക്സ് റ്റു സൂപ്പര്‍ കോണ്‍ഷ്യസ്നെസ് എന്ന് തലവാചകം. അതിന്റെ അര്‍ത്ഥം ശരിക്ക് പിടികിട്ടിയില്ലെങ്കിലും എനിക്കും ചിലതു മനസിലായിരുന്നു. ഞാനവളെ ഒരു വല്ലാത്ത നോട്ടം നോക്കി. അവളെക്കുറിച്ചും ആ പുസ്തകത്തെക്കുറിച്ചുമെല്ലാം പലതും ഞാന്‍ ചിന്തിച്ചുകൂട്ടിയിരുന്നു.
അവളെന്നെ നോക്കി ഒന്നു ചിരിച്ചു. പിന്നെ ചോദിച്ചു. “മലയാളിയാണല്ലേ?”
ഞാന്‍ തലയാട്ടി. എന്റെ പേരും തൊഴിലും ചോദിച്ചു. പട്ടാളക്കാരനാണെന്നു പറഞ്ഞത് അല്‍പ്പം അഭിമാനത്തോടെ തന്നെയായിരുന്നു.
'ഷെഹറാസാദ്, ജേണലിസ്റ്റാണ്, തെഹല്‍കയില്‍” - അവള്‍ സ്വയം പരിചയപ്പെടുത്തി.
"ആ പേരു നിനക്ക് ചേരുന്നില്ല” - എടുത്തിട്ടപോലെ ഞാന്‍ പറഞ്ഞു. ഞാനറിയാതെ തന്നെ എന്ന്നില്‍ നിന്നു പുറത്തു വരികയായിരുന്നു ആ വാക്യം.
“ഞാനിട്ടതാണു പേര്, അതുകൊണ്ടാവണം അതിനൊത്ത് വളരാതെ പോയത്.” - പഴയ പുഞ്ചിരി ചുണ്ടില്‍നിന്നു മായ്ക്കാതെ അവള്‍ ഷെഹറസാദിന്റെ കഥ പറഞ്ഞു തുടങ്ങി.
ചതിച്ച റാണിയെ വധിച്ച ഷെഹരിയാര്‍ രാജാവ്, സ്ത്രീവംശത്തെയാകെ വെറുത്തു. ഓരോ രാത്രിയും രാജ്യത്തിലെ ഓരോ കന്യകയെ അയാള്‍ വിവാഹം ചെയ്തു. പിറ്റേന്ന് നിര്‍ദാക്ഷിണ്യം വാളിനിരയാക്കി. ഒടുക്കം ഷെഹറസാദിന്റെ ഊഴവും വന്നു. അവള്‍ ബുദ്ധിമതിയായിരുന്നു. ആദ്യരാത്രിയില്‍ അവള്‍ രാജാവിനോടൊരു കഥ പറഞ്ഞു- ബദറുല്‍ മുനീറിന്റെയും ഹുസ്നുല്‍ ജമാലിന്റെയും കഥ. അതിന്റെ രസച്ചരടില്‍ രാജാവിനെ കെട്ടിയിട്ട് രാവിലെ അവള്‍ കഥപറച്ചില്‍ നിര്‍ത്തി. കഥ കേള്‍ക്കാനായി രാജാവവളെ അന്ന് കൊന്നില്ല. അങ്ങനെ ആയിരത്തിയൊന്നുരാവുകളിലവള്‍ തുടര്‍ച്ചയായി കഥ പറഞ്ഞത്രെ...!
കഥ കഴിഞ്ഞിട്ടും ഞാന്‍ ഷെഹരിയാറിന്റെ കൊട്ടാരത്തില്‍ തന്നെയായിരുന്നു. സത്യമാണ്, അയാള്‍ക്കെന്റെ മുഖച്ഛായയുണ്ടായിരുന്നു. ചോരമണമുള്ള ആ അന്തപ്പുരത്തില്‍നിന്നും ഒരു തീവണ്ടി ഓര്‍മ്മകളിലേക്ക് ചൂളം വിളിച്ചു.
രണ്ടു വര്‍ഷം മുന്‍പുള്ള ഒരവധി, ഒരു വൈകുന്നേരം. ഞാന്‍ വായനശാലയിലേക്കിറങ്ങി. ബാലേട്ടന്‍ - ലൈബ്രേറിയന്‍- പുഞ്ചിരിയോടെ പത്രം എനിക്കുനേരെ നീട്ടി. അയാളെ എനിക്കിഷ്ടമായിരുന്നില്ല, അയാള്‍ നിരീശ്വരവാദിയായിരുന്നു.
“നീ നുണ വായിക്കുകയാണോ?” എന്റെ കയ്യിലുണ്ടായിരുന്ന ദിനപത്രം തട്ടിമാറ്റിക്കൊണ്ട് രാജേട്ടന്‍ ചോദിച്ചു. ബാലേട്ടനോട് ഒരൊഴുക്കന്‍ ചിരി ചിരിച്ച് എന്നെയും കൂട്ടി അദ്ദേഹം പുറത്തേക്കിറങ്ങി. ഞങ്ങളൊരുമിച്ച് നടന്നു. ബാല്യകുമാരങ്ങളുടെ ഓര്‍മ്മകളെയൊളിപ്പിച്ച പാമ്പിന്മാളങ്ങളൂള്ള ഇടവഴിയിലൂടെ നടന്ന് കനാല്‍പ്പാലം കടന്ന് വരമ്പത്തേക്കിറങ്ങി. കൊയ്ത്തുകഴിഞ്ഞ പാടത്തിനു നടുവില്‍ പഴയ എല്‍ പി സ്ക്കൂള്‍. കുട്ടികളില്ലാതെ അടച്ചുപൂട്ടപ്പെട്ട അവിടുത്തെ ബ്ലാക്ക് ബോര്‍ഡില്‍ ചെമ്പരത്തിപ്പൂവിനുള്ളിലെ കരിംനീലച്ചോരയുടെ പാട്.
അവിടെ കുറേ പേരുണ്ടായിരുന്നു. ആയുധപരിശീലനവും മറ്റും നടക്കുകയായിരുന്നു. “ പട്ടിക്ക് ഡിമാന്റ് കൂടുതലാണ്"-വാളിന്റെ തുരുമ്പു ചൂണ്ടിക്കാണിച്ചുകൊണ്ടതു പറഞ്ഞത് ഓട്ടോ ഓടിക്കുന്ന ദിനീഷാണ്.
അസംഖ്യം ചോദ്യങ്ങള്‍ എന്നിലുയര്‍ന്നിരുന്നു.അവ ഞാന്‍ ചോദിക്കാതെ വിഴുങ്ങി.ഞങ്ങള്‍ ഓഫീസ് മുറിയിലേക്കിരുന്നു. പണ്ട് വെള്ള ഖദറുടുത്ത് അച്യുതന്‍ മാഷ് ഇരിക്കാറുണ്ടായിരുന്ന കസേരയില്‍ രാജേട്ടന്‍ ഇരുന്നു. ചോദിക്കാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമെന്നോണം ഒരുകെട്ട് പുസ്തകങ്ങള്‍ എനിക്ക് തന്നു.
തിരിച്ചിറങ്ങാന്‍ നേരം രാജേട്ടന്‍ ഒരു കുസൃതിച്ചിരി ചിരിച്ചു, കല്യാണത്തെക്കുറിച്ചോര്‍മ്മിപ്പിച്ചു.
കല്ല്യാണം.
അതിനുവേണ്ടി അവധിയെടുക്കേണ്ടിവരരുതെന്ന ഒരു നിര്‍ദേശം മാത്രമെ അമ്മാവനോടു പറഞ്ഞിരുന്നുള്ളൂ. പെണ്ണുകണ്ടതും ദിവസം നിശ്ചയിച്ചതുമെല്ലാം അമ്മാവനായിരുന്നു. അനാഥനായ തന്നെ പോറ്റിയതിന്റെ നന്ദി-ഒരിക്കലും ഒന്നും മറുത്തുപറഞ്ഞിരുന്നില്ല.
താന്‍ ഒറ്റയ്ക്കു താമസിച്ച വീട്ടിലേക്ക് ഒരാള്‍ കൂടി വരികയാണ്. പലമുറികളൂമവിടെ ആള്‍പെരുമാറ്റമില്ലാതെ കിടക്കുകയാണ്. പാമ്പും തേളും പഴുതാരയും കയറിക്കൂടിയിക്കണം. മുറ്റം ചൂലുകണ്ടിട്ട് കൊല്ലങ്ങളായിരിക്കുന്നു. എല്ലാം ഒന്നടിച്ചു വാരി വൃത്തിയാക്കണം - ഞാന്‍ രാജേട്ടനോടു പറഞ്ഞു.
കല്യാണനാള്‍ - അവളെ ആദ്യമായി കാണുന്നതിന്റെ ആകാംക്ഷയ്ക്കും ചെറിയ പരിഭ്രമങ്ങള്‍ക്കുമപ്പുറം മറ്റൊരു പ്രശ്നം കൂടി മുന്നിലുണ്ടായിരുന്നു, പട്ടാളത്തില്‍നിന്നും വിളി വന്നിരിക്കുന്നു, ലീവ് ക്യാന്‍സല്‍ ചെയ്ത് തിരിക്കാന്‍. ചടങ്ങ് കഴിഞ്ഞ് പൊയ്ക്കൊള്ളാന്‍ പറഞ്ഞത് രാജേട്ടനായിരുന്നു. രാത്രിക്കത്തെ വണ്ടിക്കുവേണ്ടി തിരക്കിട്ടു പായുമ്പോള്‍ അവളോടെന്തെങ്കിലും മിണ്ടാന്‍ മറന്നതില്‍ പിന്നീടെനിക്ക് പശ്ചാത്താപം തോന്നിയിരുന്നു.
ഒരു മലയിടിച്ചിലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിടത്ത് കാവല്‍ നില്‍ക്കുമ്പോഴാണ് നാട്ട്ില്‍ നിന്നു വിളിച്ചതായ് പറഞ്ഞത്- അവള്‍ ഒളിച്ചോടിയത്രെ! പണ്ടേ ഉണ്ടായിരുന്ന ബന്ധമാണ്, കല്യാണസമയത്ത് മറച്ചുവെച്ചതായിരിക്കണം.
ആദ്യം സങ്കടമാണു തോന്നിയത്., പിന്നെ ദേഷ്യമായി. "സീത ജീവിച്ച മണ്ണില്‍ അവള്‍ ജീവിക്കരുത്" - രാജേട്ടന്‍ തറപ്പിച്ചു പറഞ്ഞു. രണ്ടു വര്‍ഷം കൊണ്ടാണ് പദ്ധതി തയ്യാറാക്കിയത്. ദില്ലിയില്‍ നിന്നും അവള്‍ നാട്ടിലേക്ക് തിരിക്കുന്ന തീവണ്ടി കണ്ടുപിടിച്ചു തരാന്‍ വരെ രാജേട്ടനു കഴിഞ്ഞു. ഒരു കഠാര പൂജിച്ചെടുത്തിരുന്നു. അവള്‍ തിരുവനന്തപുരത്തേക്കാണു പോകുന്നത്, അതിനുമുന്പ് കൊല്ലണം. കയ്യിലുള്ള കുറിപ്പ് അവളുടെ മൃതദെഹത്തിനുമേലിടണം. റെയില്‍വേ സ്റ്റേഷനിലെ തിരക്കിലേക്കിറങ്ങണം. കയ്യിലെ വിഷച്ചോറു കഴിക്കണം, തന്നെ ശിക്ഷിക്കാന്‍ നിയമത്തിനെന്തവകാശം? ദൈവനീതിയില്‍ തനിക്ക് സ്വര്‍ഗമാണ്.
ചിന്തകളില്‍ നിന്നുണര്‍ന്നപ്പോള്‍ പക്ഷേ, ഞാനുറങ്ങുകയല്ലായിരുന്നു. മുന്നില്‍ ഷെഹറസാദിരിക്കുന്നു. അവളുടെ ചുണ്ടിലെ പുഞ്ചിരിമാഞ്ഞിരിക്കുന്നു. എനിക്ക് ബലമായ സംശയമുണ്ടായിരുന്നു, പദ്ധതികള്‍ അവളോടു പറഞ്ഞുവോയെന്ന്. അതു സ്ഥിരീകരിക്കാനെനിക്കു കഴിഞ്ഞില്ല, അവളുടെ ഭാവഭേദങ്ങള്‍ക്കായി കാത്തിരിക്കലായിരുന്നു ഏക പോംവഴി. പേരറിയാത്ത മലകള്‍ക്കിടയിലൂടെ, മതഭേദമില്ലാത്ത മലഗന്ധങ്ങള്‍ക്കു മുകളിലൂടെ ഒരു പെരുമ്പാമ്പിനെപ്പോലെ തീവണ്ടിയിഴഞ്ഞു. അതിന്റെ ആമാശയത്തിലിരുന്ന് ഞാന്‍ ഷെഹറസാദിന്റെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി.
അവള്‍ ചോദിച്ചു - “എപ്പോഴെങ്കിലും മരണം നേരിട്ടു കണ്ടിട്ടുണ്ടോ?”
ഉണ്ടായിരുന്നില്ല, പക്ഷേ കേട്ടിട്ടുണ്ടായിരുന്നു, ചേച്ചി പറഞ്ഞ്. അമ്മ മരിക്കും മുന്‍പ് വരെ ഞാന്‍ അമ്മയുടെ മടിയിലുണ്ടായിരുന്നത്രെ, അച്ഛന്റെ മരണശേഷം അമ്മ ഞങ്ങളോടൊപ്പം ആ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പലര്‍ക്കും അതില്‍ മുറുമുറുപ്പുമുണ്ടായിരുന്നു. അമ്മയ്ക്ക് പക്ഷേ അഛന്റെ ഓര്‍മ്മകളില്‍നിന്നു പോരാന്‍ കഴിഞ്ഞില്ല. അയല്‍ക്കാരിലമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു.
ഒരു രാത്രി കതകിലാരോ മുട്ടിയപ്പോള്‍ എന്നെ ചേച്ചിയുടെ മടിയിലേക്ക് കൊടുത്ത് എണീറ്റു ചെന്ന അമ്മയെ ആരോ വെട്ടിക്കൊല്ലുകയായിരുന്നത്രെ. ആരെന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെ ചിന്തിക്കാതിരിക്കാന്‍ പഠിപ്പിച്ചിരുന്നു. ഓര്‍മ്മയില്‍ അമ്മയെന്ന വാക്കിനോടു ചേര്‍ന്നു നിന്നത് ഒരു പഴയ ഫോട്ടോയായിരുന്നു, നശിച്ചു തുടങ്ങിയത്,അതില്‍ അമ്മയുടുത്തത് ഒരു പച്ച സാരിയായിരുന്നു.
ഷെഹറസാദ് പറഞ്ഞുതുടങ്ങി, പ്രണയത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്.. അവളോടു വാദിയ്ക്കാനും ജയിക്കാനും വിഫലശ്രമങ്ങള്‍ നടത്തി ഒടുക്കം ഞാനുറങ്ങിപ്പോയി. സ്വപ്നത്തില്‍ ഞാന്‍ അമ്മയെക്കണ്ടു. കണ്ണീരു നിറഞ്ഞൊരു പുഞ്ചിരിയുടെ പ്രഹേളിക മുഖത്തൊളിപ്പിച്ചാണ് അമ്മ എന്റെ മുഖത്തേക്കു നോക്കിയത്.
"കൊല്ലത്തേക്കെന്നല്ലേ പറഞ്ഞത് ?”- അവളെന്നെ ഉണര്‍ത്തി. എന്റെ ബാഗെടുത്ത് ഞാന്‍ പെട്ടെന്നെണീറ്റു. അവളോടൊന്നും പറയാതെ ഞാന്‍ എന്റെ ഇരയുടെയടുത്തേക്ക് നീങ്ങി.
ഇര, പ്രസന്നവദനയായി കാണപ്പെട്ടു. അവളുടെ കയ്യിലൊരു കൈക്കുഞ്ഞുണ്ടായിരുന്നു.
എനിയ്ക്ക് കത്തിയെടുക്കാന്‍ ധൈര്യം വന്നില്ല. കരുത്ത് ചോര്‍ന്നുപോയിരുന്നു. ഞാന്‍ പ്ലാറ്റ്ഫോമിലെക്കിറങ്ങി. ഷെഹറസാദിനോടുള്ള സംവാദത്തിനിടയിലെപ്പൊഴോ എന്നിലെ ഞാന്‍ പ്രതിക്കൂട്ടിലേക്കു നീങ്ങിയിരുന്നു. ഞാനെനിക്കു വിധിച്ചത് വധശിക്ഷയായിരുന്നു. ഒരു ബെഞ്ചിലിരുന്ന് ഞാന്‍ ചോറ്റുപാത്രം കയ്യിലെടുത്തു.
വണ്ടിയെടുക്കാറായപ്പോള്‍, ആ ചോറ്റുപാത്രം തട്ടിത്തെറിപ്പിച്ച് ഓടിക്കയറിയ സ്ത്രീ ധരിച്ചത് ഒരു പച്ച സാരിയാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. മരണത്തിനുമുന്നില്‍നിന്ന് ജീവിതത്തിലേക്കെന്നപോലെ ഞാന്‍ ആ തീവണ്ടിയിലേക്ക് തിരിച്ചുകയറി.
ഷെഹറസാദ് എനിക്കു മുന്നില്‍ വന്നിരുന്നു.
“കൊന്നില്ലേ?” - അവള്‍ ചോദിച്ചു.
ഞങ്ങള്‍ക്കിടയിലേക്ക് ഒരു നിശബ്ദത കടന്നുവന്നു. അലകടലിനെപ്പോലെ രൗദ്രഭാവത്തിലതലറി. ഭീകരമായ ആ നിശബ്ദതക്കിടയിലെവിടെയോവച്ച് തീവണ്ടി പാളം മാറി. അതുവരെ നടക്കാതിരുന്ന എന്റെ വാച്ച് അപ്പോളാണ് നടന്നു തുടങ്ങിയത്.
തിരുവനന്തപുരത്ത് ഞങ്ങള്‍ രണ്ടുപേരുമിറങ്ങി. അവളെന്റെ നേരെ തിരിഞ്ഞ് ചോദിച്ചു - “ജീവിതത്തിലെപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”
ഞാനെന്നിലേക്കു തിരിഞ്ഞു നോക്കി. എനിക്കുപകരം ഞാന്‍ കണ്ടതവളെയായിരുന്നു. മറുപടിപറയാനായി തിരിഞ്ഞുനോക്കും മുന്‍പേ അവള്‍ തിരക്കിലലിഞ്ഞിരുന്നു.
ഇടിയും മിന്നലുമുണ്ടായി.
ഒരു മഴ പെയ്തു.
മഴ എന്നിലായിരുന്നോ, ഞാന്‍ മഴയിലായിരുന്നോ? അറിയില്ല.
ഒന്നറിയാം - എവിടെയൊക്കെയോ നനവുണ്ടായിരുന്നു.
***************
“കഥ പറച്ചില്‍ ഒരു മുഷിപ്പന്‍ പരിപാടിയാണല്ലേ?, ഞാന്‍ തളര്‍ന്നിരിക്കുന്നു. ഒന്നു മയങ്ങണം. ദില്ലിയെത്തുമ്പോള്‍ വിളിക്കണം".
“അല്ലാ..പക്ഷെയാ വീടു വിറ്റാല്‍ പിന്നെ അടുത്തയവധിക്ക് എങ്ങോട്ടു വണ്ടികയറും ?”
"വലുതായിരുന്നെങ്കിലും ആ വീട് ചെറുതായിരുന്നു ചങ്ങാതീ, അതിനു പുറത്ത് വലിയൊരു വീടുണ്ട്.”
(സംഭാഷണം ശ്രദ്ധിക്കാതെ പുസ്തത്തില്‍ മുഴുകി അടുത്തിരുന്ന ബുദ്ധഭിക്ഷു പുഞ്ചിരിക്കുന്നു. എങ്ങനെയോ ആ കമ്പാര്‍ട്ടുമെന്റില്‍ വന്നുപെട്ട ഹനുമാന്‍ കിരീടം പൂവില്‍ നിന്നും മയില്‍പീലിച്ചിറകുള്ള ഒരു ശലഭം പുറത്തേക്കു പറക്കുന്നു. തീവണ്ടി പിന്നെയും പാളം മാറുന്നു)
Comments
Post a Comment