:)

    എന്തൊക്കെയാ അറിയേണ്ടത് ഇക്കമ്പ്യൂട്ടറിന്.! ഒരുപാടൊന്നുമവള്‍ക്കുമറിയില്ലായിരുന്നു അവളെപറ്റി. എന്നിട്ടുമത് വിടാതെ ചോദിച്ചുകൊണ്ടേയിരുന്നു. ഇഷ്ടമുള്ള സംഗീതം, സിനിമ ,പുസ്തകം! രണ്ടു വരിയില്‍ കൂടുതലോര്‍മ്മയുള്ള പാട്ടൊന്നും മന്സിലുണ്ടായിരുന്നുല്ല. പാഠപുസ്തകങ്ങളില്‍കവിഞ്ഞൊന്നും വായിച്ചതായുമോര്‍ത്തില്ല. കേട്ടറിഞ്ഞ പേരുകള്‍ അവളവിടെ കുത്തിക്കയറ്റി.
      താത്പര്യമുണ്ടായിട്ടൊന്നുമായിരുന്നില്ല. ഒരു ഫേസ് ബുക്ക് അക്കൗണ്ടില്ലാതെ ജീവിക്കാനാവില്ലെന്നായിരിക്കുന്നു. പുതിയ പരിഷ്കാരമാണോഫീസിലെ; ജീവനക്കാരുടെ ബന്ധം ഊട്ടിയുറപ്പിക്കണമത്രേ....!‌ ബന്ധങ്ങളുടെ ബന്ധനങ്ങളെ ഭയന്നായിരുന്നു അന്നാട്ടില്‍ ചേക്കേറിയത് തന്നെ. അകലങ്ങളിലിരിക്കുമ്പോള്‍ അവയ്ക്കെന്നും സുഗന്ധമാണ്. അടുക്കുമ്പോള്‍ മാത്രം വമിക്കുന്ന ദുര്‍ഗന്ധം മടുത്തപ്പോഴായിരുന്നു നാടിനെ പിരിഞ്ഞത്.

      ഒടുക്കമൊരു ചോദ്യത്തില്‍ കണ്ണൂടക്കി. "ബയോ!”
എന്തു പറയാനാണ് ...?ഓഫീസിനും വീടിനുമിടയില്‍ ചലിച്ചുകൊണ്ടിരുന്നു ഒരു യന്ത്രമായിരുന്നു അത്.. "യാന്ത്രികതയ്കുമൊരു സുഖമുണ്ടെടോ...” ചിലപ്പോഴെങ്കിലും മിണ്ടിയിരുന്ന വീട്ടിലെ വെലക്കാരിയോട് അവള്‍ പറയാറുണ്ടായിരുന്നു.

      ഓര്‍ത്തുനോക്കി. ഓര്‍ക്കാന്‍ മാത്രമൊന്നും കൂട്ടി വെച്ചിരുന്നില്ല. ആരിലുമോര്‍മയാവാനും ശ്രമിച്ചിരുന്നീല്ല. ഒറ്റപ്പെടലിന്റെ സുഖത്തോടായിരുന്നു ഇഷ്ടം. ഇല്ല. ഉണ്ടായിരുന്നില്ല. കൂട്ടെന്നു പറയാനൊരു പേര്. ആരോടും യാത്ര പറയാതെയായിരുന്നു എന്നും യാത്ര തുടങ്ങിയത്.. ഒരു വിലാസം പോലും ആരോടും കുറിച്ചുവാങ്ങിയിരുന്നുമില്ല. "ആരോടു കൂട്ടുകൂടാനാണിവിടെ..?” അവള്‍ ചിന്തിച്ചു. കൊണ്ടു നടന്നിരുന്ന ഫോണില്‍ കോണ്ടാക്ടുകളൊന്നും സൂക്ഷിച്ചിരുന്നില്ല. ഓഫീസില്‍ നിന്നല്ലാതെ ആരും അതിലെക്കു വിളിച്ചിരുന്നുമില്ല; അച്ഛന്‍ മരിച്ചപ്പോള്‍ പോലും.

      പിടുത്തം വിട്ടാല്‍ പിന്നെ ചിന്തകളിങ്ങനെയാണ്. സ്വയം വഴിയുണ്ടാക്കി സഞ്ചരിച്ചുകൊണ്ടിരിക്കും.! വന്ന വഴി മറന്ന് തുടക്കം മറന്ന് ഒടുക്കമില്ലാതെ അങ്ങനെ ...! പുതിയൊരൂടുവഴിയിലേക്കു ചിന്ത തിരിഞ്ഞപ്പോള്‍ അവള്‍ ഞെട്ടിയെഴുന്നേറ്റു. തിരിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനിലെത്തി അവള്‍ അവളെക്കുറിച്ചെഴുതേണ്ട കോളം ഒഴിച്ചിട്ടു. ലോഗ് ഔട്ടില്‍ ക്ലിക്ക് ചെയ്ത കൈ മേശമേലെ ചായപ്പത്രത്തിലേക്കു നീണ്ടു.

"ത്ഫൂ...!"

      ചുമരിലെ വെള്ള പെയിന്റില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ട് ഒരു ഗ്ലാസ് ചായ നിലത്തേക്കൊലിച്ചിറാങ്ങി. “ചൂടാറിയപ്പോ മാറ്റ്യതാ. പറഞീന്വല്ലോ"
കനി; വീട്ടുജോലിക്കാരി,ഓടിവന്നു നിലം തുടയ്ക്കുന്നതിനിടെ പറഞ്ഞു.
ഇരുണ്ട എതോ മൂലയില്‍നിന്ന് നാവിലേക്ക് ശബ്ദപ്രവേഗത്തിലോടിവന്ന ശകാരങ്ങളെ തടഞ്ഞുനിര്‍ത്തി അവള്‍ ഒന്നു പുഞ്ചിരിച്ചു, അതില്‍ സ്വയം നിറച്ചിരുന്ന ജാള്യതയെ അളന്നുകൊണ്ട് അടുക്കളയിലേക്ക് നടന്നു. ഒരു ഗ്ലാസ് വെള്ളമെടുത്ത് തിരിച്ചു.

      ഞായറാഴ്ചകളോളം വിരസമായ ഒന്നുമില്ല ജീവിതത്തില്‍- ചുമരില്‍ തൂങ്ങിയ ഒരു പെയിന്റിങ്ങില്‍ സ്വപ്നമെന്ന വാക്കിന്റെ അര്‍ത്ഥം അര്‍ത്ഥം തിരയവെ അവള്‍ക്കു തോന്നി. ടെലിവിഷനിലെ കാഴ്ച്ചകളും കാണാത്ത ലോകത്തെ വാര്‍ത്തകളും മടുത്തിരുന്നു. ചെയ്യാനൊന്നുമില്ലാതിരിക്കല്‍ ശരിക്കും ഒരസ്വസ്ഥതയാണ്.

പിന്നെയും കമ്പ്യൂട്ടര്‍ തുറന്നു. കൗതുകമാണു തോന്നിയത്, ഒരു ഫ്രന്റ് റിക്വസ്റ്റു കണ്ടപ്പോള്‍. ആക്സപ്റ്റു ചെയ്ത് ആ പ്രൊഫൈല്‍ നാമത്തില്‍ ക്ലിക്ക് ചെയ്യുന്നതിനിടെ തന്നെ ചാറ്റ്ബോക്സ് അനങ്ങിയിരുന്നു.
“ :) ”
അവള്‍ പ്രതികരിച്ചില്ല. പിന്നെയും ഒരു സന്ദേശം വന്നു.
“Remember?”
അവളാ പ്രൊഫൈലിലൂടെ സഞ്ചരിച്ചു. ഒരമേരിക്കന്‍ മലയാളി. ഹോം ടൗണ്‍, അതവളുടേതു തന്നെയായിരുന്നു. ഒരുപാടു കൂട്ടുകാരൊന്നുമില്ലാതിരുന്ന ആ പ്രൊഫൈലില്‍ അയാലുടെ ജോലിസ്ഥലത്തെയും  മറ്റും  കുറച്ച് ഫോട്ടോകള്‍ മാത്രം  കണ്ടു.


സാധ്യതയില്ല.” അയാള്‍ തന്നെ തുടര്‍ന്നു. “തന്റെ സീനിയറായിരുന്നു- സെന്റ് ജോസഫ്സില്‍. നമ്മള്‍ കണ്ടിട്ടുണ്ട്. നിനക്കറിയാമായിരുന്നു.”

      ഓര്‍ത്തുനോക്കി. സ്ക്കൂള്‍ അസംബ്ലിയില്‍, വരിയില്‍ നിന്നു പുറത്തിറങ്ങി സ്റ്റെജില്‍ രവീന്ദ്രന്‍ മാഷിന്റെ അടുത്ത് ചെന്നു നിന്ന് മുന്നില്‍ നിരന്നു നിന്ന മുഖങ്ങളിലെല്ലാം പരതി. മിക്കവയും അപരിചിതങ്ങളായിരുന്നു. ഇറങ്ങിപ്പോന്ന വരിയില്‍ പോലും മുഖങ്ങള്‍ കാണാത്ത മുഖങ്ങള്‍! അവള്‍ നൊക്കിനില്‍ക്കെ ലോങ് ബെല്ലടിച്ചു. ഒരാരവം കേട്ടു. തിരിഞ്ഞോടുന്നതിനിടെ കണ്ണിറുക്കിക്കാണിച്ച ഒമ്പതാം ക്ലാസുകാരന്‍ .. അവന്‍ തന്നെയാണോ നേരത്തെ ചാറ്റ് ബോക്സില്‍ പുഞ്ചിരിച്ചത് ...?
      “എവിടെയോ കണ്ടപോലെ..” അവള്‍ പറഞ്ഞു. അവന് സ്ക്കൂളിനെ ഓര്‍ത്തെടുക്കാന്‍ സാധിച്ചിരുന്നു. ബെഞ്ചില്‍ കോറിയിട്ട പ്രണയകഥകളും ചൂരല്‍നോവും മാഷുമാരും..ഓര്‍മ്മകള്‍ക്കെന്തൊരു ഭംഗിയാടോ...?- അവന്‍ ചോദിച്ചു. ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തോളമേ അവളുടെ ഓര്‍മ്മകളും പോയിരുന്നുള്ളൂ
.      അവര്‍ പറഞ്ഞു. പറഞ്ഞു കാടു കയറി കുന്നിറങ്ങി പുഴയോരത്തെത്തിയപ്പോഴേക്കും മഴ പെയ്തിരുന്നു. അവന്‍ കുടയെടുത്തിരുന്നില്ല. അതുവരെ ആരും കയറാതിരുന്ന കുടക്കീഴിലേക്ക് അവളവനെ വിളിച്ചു. ഒന്നിച്ച് നടന്നപ്പോള്‍ അന്നോളം കാണാതിരുന്ന കാഴ്ച്ചകള്‍ കണ്ടു മടുത്ത വഴിവക്കില്‍ കാത്തിരുന്നിരുന്നു.

യാത്ര തുടര്‍ന്നു.

ഒരു നാളവള്‍ ചോദിച്ചു : “സ്റ്റില്‍ സിംഗിള്‍ ?”
“:)” അവന്‍ ചിരിച്ചു.
അവളും  “:) :)”..


അന്നത്തെ യാത്ര ഒരു പൂന്തോട്ടത്തിലേക്കായിരുന്നു. സ്വപ്നത്തില്‍ പൂത്ത പനിനീര്‍പൂക്കളെ അവളൊരു കടലാസിലെഴുതി. അതു വായിച്ച അവനു വിശ്വാസം വന്നിരുന്നില്ല. അവള്‍ പറഞ്ഞു - “At the touch of love, everyone becomes a poet!” അവന്‍ പിന്നെയും ചിരിച്ചു. അവളും.
നടന്നു നടന്ന് ദില്ലിയില്‍, അവളുടെ നഗരത്തിലെത്തിയ നാളാണവള്‍ അവനോടു ചോദിച്ചത്.
-“നിനക്കറിയ്യ്വോ, എനിക്കെന്നിലെക്കെത്ര ദൂരമുണ്ടെന്ന്?”

‌‌ - “ഒരു കടല്‍ ?”

‌‌ - “ഒരു കടലടക്കം ഏഴായിരത്തിമുന്നൂറു മൈല്‍" - ഭൂപടത്തില്‍ നിന്ന് കണ്ണെടുത്ത് അവള്‍ പറഞ്ഞു.
അതും കഴിഞ്ഞ് എഴാം നാളായിരുന്നു, അവളുടെ വീട്ടില്‍ ഒരതിഥിയെത്തിയത്. കോളിങ് ബെല്ലിനെ ഒട്ടും പ്രതീക്ഷിക്കാതിരുന്ന നേരത്ത്, ഒരു ഞായറാഴ്ച്ച. ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങവെ, പുറത്തുനിന്ന മനുഷ്യന്‍ ചോദിച്ചു. “നിനക്കെന്നിലേക്കിപ്പോള്‍ എത്ര ദൂരമുണ്ട്?” അവള്‍ മറുപടി പറഞ്ഞില്ല, ആ ചുണ്ടുകള്‍ ഒരു ബ്രായ്ക്കറ്റു പോലെ വളഞ്ഞു
      ഒരാഴ്ച്ചകൊണ്ടുതന്നെ കല്യാണം  കഴിഞ്ഞു; ഒരമ്പലത്തില്‍ വെച്ച്. ആരെയും  വിളിക്കാനുണ്ടായിരുന്നില്ല. അമ്മൂമ്മ വിളിക്കാന്‍ പഠിപ്പിച്ച ദൈവങ്ങളെ എന്നുമെന്നപോലെ വിളിച്ചു.അവനും  ഭക്തനായിരുന്നു. അരയില്‍ ഒളിച്ചുകിടന്ന ചരടുകളും  തകിടുകളുമാണ് അന്നു രാത്രി അവളോടതു പറഞ്ഞത്.
      പിറ്റേന്ന്, ഒരു തിങ്കളാഴ്ച, പതിവുപോലെ ഓഫീസിലേക്കിറങ്ങുമ്പോള്‍ അവനവളോടു പറഞ്ഞു. - "You were a good stuff".
      ആ പറച്ചിലിന്റെ അവസാനം  അവന്റെ മുഖത്തു വിരിഞ്ഞ ഇമോട്ടിക്കോണിന്റെ അര്‍ത്ഥം  അവള്‍ക്കു മനസിലായിരുന്നില്ല. അവളൊന്നു പുഞ്ചിരിക്കുക മാത്രം  ചെയ്തു. നേരം  വൈകുന്നുണ്ടായിരുന്നു, ഓഫീസിലേക്ക്.



      അന്നു വൈകുന്നേരം  അവള്‍ മടങ്ങിയെത്തിയപ്പോള്‍ എല്ലാം  പതിവുപോലെ തന്നെയായിരുന്നു. ലീവിനുപോയ ജോലിക്കാരി മടങ്ങിയെത്തിയിരുന്നു. പക്ഷേ, അവനവിടുണ്ടായിരുന്നില്ല. അലമാരയില്‍ അവള്‍ കരുതിവെച്ചിരുന്നതും .
      അലറിക്കരയാന്‍ തോന്നി. അവള്‍ കരഞ്ഞില്ല. വികാരങ്ങള്‍ അവളോടുപിണങ്ങിപ്പോയിരുന്നു. പുറം ലോകത്തോടവള്‍ക്കു വെറുപ്പുതോന്നി. ഓഫീസ് മുറിയോടും അതിലെ പതിനേഴരയിഞ്ച് സ്ക്രീനിനോടും . ഏകാന്തതയെ ഭ്രാന്തമായി പ്രണയിച്ചുകൊണ്ട് ആ ഫ്ലാറ്റില്‍ കഴിഞ്ഞ നാളുകളിലൊന്നിലാണ് ഒരാഴ്ച്ചപ്പതിപ്പ് അവളെ തേടി വന്നത്. അതിലവളുടെ കവിതയുണ്ടായിരുന്നു, ചാന്ദ്നി എന്ന അവളുടെ പേരില്‍ തന്നെ. അവളുടെ ഡയറി കയ്യില്‍ പിടിച്ചുകൊണ്ട് കനി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.
അവള്‍ മെല്ലെ മാറി. കൂട്ട് അക്ഷരങ്ങളോടായി. അവര്‍ അവളെ അവളെക്കാളേറെ സ്നേഹിച്ചു. ആ പേര് പുസ്തകക്കടകളിലും ലൈബ്രറികളിലുമെല്ലാം ചര്‍ച്ചയായിത്തുടങ്ങി.

       അന്നാളുകളിലൊന്നിലാണവള്‍ പിന്നെയും ഫേസ്ബുക്കിലെത്തിയത്. ഒരു തമാശയ്കായിരുന്നു, ഒരപരനാമത്തില്‍ അവളൊരക്കൗണ്ടുണ്ടാക്കിയത് 
      കണ്ണടച്ചു തുറക്കും മുന്നേ അവള്‍ക്ക് റിക്വസ്റ്റു വന്നു. കൂടെ ഒരു സന്ദേശവും:

“ :) ”!
അവളുടെ നെഞ്ചില്‍ ഒരു കൊടുങ്കാറ്റടിച്ചു.കുത്തും  കോമയും  അക്ഷരക്കൂട്ടങ്ങളും  അതിനൊപ്പം  പറന്നുയര്‍ന്ന ധൂളിപടലത്തിലുണ്ടായിരുന്നു.
എന്നിട്ടും   നിര്‍വികാരതയോടെ അവള്‍ ചോദിച്ചു.

     “ നിനക്കറിയ്യോ നിനക്ക് നിന്നിലേക്കെത്ര ദൂരമുണ്ടെന്ന്?”



(ചാറ്റ് ബോക്സ് അടിച്ചുടച്ച് അവള്‍ എന്റെ സ്വപ്നത്തിലേക്ക് ചിറകടിച്ചുവന്നു. ആ കണ്ണുകളിലെ തീഗോളം ഒരീയ്യാമ്പാറ്റയെ എന്ന പോലെ എന്നെ പിടിച്ചുവലിച്ചു. അയ്യാത്രയുടെ പ്രവേഗത്തില്‍ മനസിന്റെ കടിഞ്ഞാണ്‍ വഴുതിപ്പോയി. അവളെന്നോട്  ഫേസ് ബുക്കിന്റെ പാസ്വേഡ് ചോദിച്ചു.
അവള്‍; എന്നെ മോര്‍ഫസിന്റെ മടിയില്‍ മയക്കിടത്തി അകന്നുപോയി. ഞാനുറങ്ങിക്കിടക്കവേ; ഞാനായി അവള്‍ എന്റെ അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്തു
. 
പിറ്റെന്നുണര്‍ന്ന് ഒരു ചുക്കുകാപ്പിയുമായി ഫേസ് ബുക്ക് തുറക്കവെ ; ന്യൂസ് ഫീഡില്‍ കണ്ടു ‌‌- "എസ് എസ് വിഷ്ണു, Minnu kailas and 37 others were tagged in your note”)

Comments

Popular Posts