സമരവഴികളിൽ മഴനനഞ്ഞ്
"എം കെ കേള്വേട്ടാ ഏവി കുഞ്ഞമ്പ്വോ ഇക്കുറി ചെത്തൂലേ കൂത്താള്യെസ്റ്റേറ്റ്" ആയിരത്തിത്തൊള്ളായിരത്തിനാല്പതുകളിൽ പേരാമ്പ്രയുടെ മലയോരപ്രദേശങ്ങളിൽ നടന്ന ഐതിഹാസികമായ കൂത്താളി സമരത്തെ പരിഹസിച്ചുകൊണ്ട് നാട്ടിലെ കോൺഗ്രസുകാർ സമരത്തിനു നേതൃത്വം കൊടൂത്ത അന്നത്തെ കർഷക സംഘം പ്രവർത്തകരോട് ചോദിച്ചതാണിത്. ഡൽഹൗസിയുടെ ദത്തപഹാരനിയമം വഴി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ അന്നത്തെ മദിരാശി സർക്കാർ ഏറ്റെടുത്ത ഭൂമി, മലബാർ കലക്ടറുടെ അധികാരത്തിൻ കീഴിലായിരുന്നു. പേരാമ്പ്രയിൽ സ്പെഷൽ തഹസിൽദാരെ നിയമിച്ച് കൂത്താളി എസ്റ്റേറ്റ് എന്ന പേരിലാണ് ഭൂമി പരിപാലിച്ചു പോന്നത്. മലയൊരപ്രദേശത്തെ സാധാരണജനങ്ങളുടെ മുഖ്യ ഉപജീവനമാർഗമായിരുന്ന പുനം കൃഷിയ്ക്ക് ഈ അധികാരക്കൈമാറ്റത്തോടെ അവസാനമായി. പുനം കൃഷി അനുവദിക്കാനാവശ്യപ്പെട്ടുള്ള നിവേദനങ്ങൾ വിഫലമായപ്പോഴാണ് കർഷകസംഘം സമരത്തിലേക്ക് നീങ്ങിയത്. സമര വളണ്ടിയർമ്മാർ വിലക്ക് ലംഘിച്ച് അതിസാഹസികമായി പെരുവണ്ണാമൂഴിയിൽ കാടുവെട്ടി കൊടിനാട്ടി. പലകുറി അടിച്ചമർത്തപ്പെട്ട സമരം വീണ്ടും ശക്തിയാർജിച്ചതും ഒടുക്കം കർഷകർക്ക് മണ്ണ് ലഭിച്ചതും പിൻകാല ചരിത്രം. പഴയ കൂത്താളി എസ്റ്റേറ്റിന്റെ ഭാഗമായി...